തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം പിടിച്ചെടുത്തത് 1100 കോടി രൂപയുടെ ലഹരിമരുന്ന്,647 കോടി രൂപയുടെ കള്ളപ്പണവും

rupees 2000

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം നാളിതുവരെ 1100 കോടി രൂപയുടെ ലഹരിമരുന്ന് പിടിച്ചെടുത്തതായി തിരഞ്ഞെടുപ്പ് കമ്മിഷന്‍. 647 കോടി രൂപയുടെ കള്ളപ്പണവും 500 കോടി രൂപയുടെ ആഭരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കള്ളപ്പണത്തിന്റെ കാര്യത്തില്‍ തമിഴ്നാടാണ് മുന്നിലെങ്കില്‍ ലഹരിമരുന്നില്‍ ഗുജറാത്താണ് ഒന്നാമത്. കേരളത്തില്‍ മാത്രം പിടിച്ചെടുത്തത് 19 കോടി രൂപ വിലമതിക്കുന്ന ലഹരിമരുന്നാണ്. ആറ് കോടി രൂപയുടെ കള്ളപ്പണവും പിടിച്ചെടുത്തു. മാതൃകാപെരുമാറ്റ ചട്ടം നിലവില്‍ വന്ന മാര്‍ച്ച്‌ പത്ത് മുതല്‍ നാളിതുവരെ നടത്തിയ പരിശോധനകളിലും റെയ്ഡുകളിലും പിടിച്ചെടുത്ത കള്ളപ്പണത്തിന്റെ വിവരങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തുവിട്ടത്. അതുപ്രകാരം രാജ്യത്താകെ ഇതുവരെ പിടിച്ചെടുത്തത് 647. 54 കോടി രൂപയുടെ കള്ളപ്പണമാണ്. 1100 കോടി രൂപ വിലമതിക്കുന്ന 48804 കിലോ ലഹരിമരുന്ന് പിടിച്ചെടുത്തെന്ന വിവരവും കമ്മിഷന്‍ പുറത്തുവിട്ടു. ഇതില്‍ പകുതിയും ഗുജറാത്തില്‍ നിന്നാണ്. 500 കോടി രൂപയുടെ ലഹരിമരുന്നാണ് ഗുജറാത്തില്‍ മാത്രം കണ്ടെടുത്തത്. 500.58 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണവും വെള്ളിയും രത്നങ്ങളും പിടിച്ചെടുത്തെന്നും കണക്കുകള്‍ പറയുന്നു. 206 കോടി രൂപ വിലമതിക്കുന്ന ഒരു കോടി ലിറ്റര്‍ മദ്യവും പിടിച്ചെടുത്തിട്ടുണ്ട്. കേരളത്തില്‍ ആറു കോടി രൂപയുടെ കള്ളപ്പണവും മൂന്ന് കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങളുമാണ് പരിശോധനകളില്‍ കണ്ടെടുത്തത്. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പിടിച്ചെടുത്തത് ലഹരിമരുന്നാണ്. 19.64 കോടി രൂപയുടെ ലഹരിമരുന്ന് കണ്ടെടുത്തപ്പോള്‍ മുപ്പത് ലക്ഷം രൂപയുടെ മദ്യമാണ് പിടിച്ചെടുക്കാനായത്.