അമിത് ഷാ ആഭ്യന്തര മന്ത്രിയായാൽ രാജ്യത്തെ നശിപ്പിക്കുമെന്ന് അരവിന്ദ് കെജ്‌രിവാള്‍

kejariwal

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറിയാല്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ ആയിരിക്കും രാജ്യത്തെ ആഭ്യന്തര മന്ത്രിയെന്നും, അത് രാജ്യത്തെ നശിപ്പിക്കുമെന്നും ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഗോവയിലെ ലോഹിയ മൈദാനിലെ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ സംസാരിക്കുകയായിരുന്നു കെജ്‌രിവാള്‍.’അമിത് ഷാ രാജ്യത്തെ ആഭ്യന്തര മന്ത്രിയായാല്‍ രാജ്യവ്യാപകമായി ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ വര്‍ധിക്കും. ഗോവയില്‍ അത്തരം മൂന്ന് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ഉണ്ടായാല്‍ വിനോദസഞ്ചാരികള്‍ ഗോവയില്‍ വരുന്നത് അവസാനിപ്പിക്കും. സംസ്ഥാനത്തിന്റെ സമ്ബദ്ഘടനയെ അതെങ്ങനെ ബാധിക്കുമെന്ന് നിങ്ങള്‍ക്കറിയാം’- കെജ്‌രിവാള്‍ പറഞ്ഞു.
‘ഈ രാജ്യത്തെ രക്ഷിക്കണമെന്ന് ഞാന്‍ കൂപ്പുകൈകളോടെ നിങ്ങളോട് അപേക്ഷിക്കുകയാണ്. അമിത് ഷാ-മോദി ദ്വയം വീണ്ടും അധികാരത്തില്‍ വന്നാല്‍, നരേന്ദ്ര മോദി വീണ്ടും അധികാരത്തിലേറിയാല്‍, ഭരണഘടനയും രാജ്യത്തിന്റെ മതേതര നിര്‍മിതിയും തകരും’- നരേന്ദ്ര മോദിയെ വീണ്ടും തെരഞ്ഞെടുക്കരുതെന്ന് ആവശ്യപ്പെട്ടു കൊണ്ട് കെജ്‌രിവാള്‍ പറഞ്ഞു.
ജര്‍മന്‍ സേച്ഛാധിപതി അഡോള്‍ഫ് ഹിറ്റ്‌ലറിന്റെ പാത പിന്തുടര്‍ന്നാണ് ബി.ജെ.പി പ്രവര്‍ത്തിക്കുന്നതെന്നും, അധികാരം നിലനിര്‍ത്താന്‍ ശ്രമിക്കുന്നതെന്നും കെജ്‌രിവാള്‍ കുറ്റപ്പെടുത്തി. ഇന്ത്യയെ രക്ഷിക്കാനുള്ള അവസാന അവസരമാണ് 2019 ലോക്‌സഭാ തെരഞ്ഞെടുപ്പെന്നും കെജ്‌രിവാള്‍ പറഞ്ഞു. ബി.ജെ.പി ജയിച്ചാല്‍ 2024ല്‍ തെരഞ്ഞെടുപ്പ് ഉണ്ടാവില്ലെന്ന ബി.ജെ.പി എം.പി സാക്ഷി മഹാരാജിന്റെയും, ബി.ജെ.പി അടുത്ത 50 വര്‍ഷത്തേക്ക് അധികാരത്തിലിരിക്കാനുള്ള മാര്‍ഗങ്ങളാണ് നോക്കുന്നതെന്ന് അമിത് ഷായുടേയും പ്രസ്താവനകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു കെജ്‌രിവാളിന്റെ അഭിപ്രായം.