മോദിയുടെ ഹെലികോപ്ടറില്‍ കറുത്ത പെട്ടി കണ്ടതുമായി ബന്ധപ്പെട്ട സംഭവത്തില്‍ വിവാദം കത്തുന്നു

modi

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലികോപ്ടറില്‍ കറുത്ത പെട്ടി കണ്ടതുമായി ബന്ധപ്പെട്ട സംഭവത്തില്‍ വിവാദം കത്തുന്നു. പ്രധാനമന്ത്രി സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പണം കടുത്തുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. അടിയന്തരമായി അന്വേഷണം ആരംഭിക്കാനാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. കര്‍ണാടകത്തിലെ ചിത്രദുര്‍ഗില്‍ പ്രചാരണത്തിനിടെയാണ് സംശയകരമായ സാഹചര്യത്തില്‍ ഒരു പെട്ടി കണ്ടെത്തിയത്. പ്രധാനമന്ത്രി അഴിമതിക്കറ പുരളാതിരിക്കേണ്ടത് അത്യാവശ്യമാണെന്ന് കോണ്‍ഗ്രസ് വക്താവ് ആനന്ദ് ശര്‍മ പറഞ്ഞു. കര്‍ണാടക സംസ്ഥാന കോണ്‍ഗ്രസ് ഘടകം നേരത്തെ തന്നെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ടെന്നും ആനന്ദ് ശര്‍മ പറഞ്ഞു. ചിത്രദുര്‍ഗില്‍ പ്രധാനമന്ത്രിയെ അനുഗമിച്ചത് മൂന്ന് വിമാനങ്ങളാണ്. ഒരു ഹെലികോപ്ടറില്‍ നിന്ന് പെട്ടെന്ന് തന്നെ ഒരു പെട്ടി വന്നതും അത് ഉടനെ കാണാതായും ദൃശ്യങ്ങളില്‍ ഉണ്ടെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.
എസ്പിജി സംഘത്തിന്റെ ഭാഗമല്ലാതിരുന്ന ഒരു കാറിലാണ് ഈ പെട്ടി കൊണ്ടുപോയതെന്നും, ഇത് സംശയാസ്പദമാണെന്നും ആനന്ദ് ശര്‍മ പറയുന്നു. എന്താണ് ഈ പെട്ടിയില്‍ ഉണ്ടായിരുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണം. പെട്ടിയില്‍ പണം ഇല്ലെങ്കില്‍ ബിജെപി അന്വേഷണം പ്രഖ്യാപിക്കട്ടെയെന്നും ആനന്ദ് ശര്‍മ പറഞ്ഞു. ആ പെട്ടിയില്‍ പണമുണ്ടെന്ന് തന്നെയാണ് കരുതുന്നത്. അല്ലാതെ ഇത്ര പെട്ടെന്ന് അത് മാറ്റേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.അതേസമയം ഇന്ദിരാ ഗാന്ധിക്ക് യുദ്ധത്തില്‍ നിന്ന് മുന്‍തൂക്കം ലഭിച്ചെന്ന് വികെ സിംഗിന്റെ പ്രസ്താവന അബദ്ധമാണെന്ന് ആനന്ദ് ശര്‍മ പറഞ്ഞു. ബംഗ്ലാദേശ് യുദ്ധത്തില്‍ നിന്ന് ഇന്ദിരയ്ക്ക് നേട്ടമുണ്ടാക്കിയെന്നായിരുന്നു പരാമര്‍ശം. ഇന്ദിര അധികാരത്തില്‍ എത്തുന്നത് 1971 മാര്‍ച്ചിലാണ്. ഇന്ത്യ ബംഗ്ലാദേശ് യുദ്ധം ജയിക്കുന്നത് 1971 ഡിസംബര്‍ 16നാണ്. ചരിത്രത്തെ കുറിച്ച്‌ വികെ സിംഗ് ഇനിയും പഠിക്കാനുണ്ടെന്ന് ആനന്ദ് ശര്‍മ വ്യക്തമാക്കി.