മന്ത്രി എം.എം മണിക്കെതിരെ സ്ത്രീകളെ അധിക്ഷേപിക്കുന്ന പ്രസംഗം നടത്തിയതിന്‍റെ പേരിൽ കേസെടുക്കാനാവില്ലെന്ന് പൊലീസ്. ജോർജ് വട്ടുകുളം മണിക്കെതിരെ നൽകിയ പരാതിയുടെ വെളിച്ചത്തിൽ മൂന്നാർ ഡി.വൈ.എസ്.പി രേഖാമൂലം അറിയിച്ചതാണ് ഇക്കാര്യം. പ്രസംഗവുമായി ബന്ധപ്പെട്ട് കേസെടുത്താൽ പോലും ക്രിമിനൽ നടപടി സ്വീകരിക്കാൻ കഴിയില്ലെന്നാണ് പൊലീസിന് നിയമോപദേശം ലഭിച്ചത്. നേരിട്ട് കേസെടുക്കാനുള്ള യാതൊരു കുറ്റകൃത്യവും നടന്നിട്ടില്ലെന്ന് അന്വേഷണത്തിൽ ബോധ്യമായെന്നാണ് പൊലീസ് റിപ്പോർട്ട്.
നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി ഡി. ബിനു മന്ത്രിയുടെ വിവാദ പ്രസംഗത്തെക്കുറിച്ച് ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാലിന്‍റെ നിർദേശപ്രകാരം അന്വേഷണം നടത്തിയിരുന്നു. വനിതാ കമ്മിഷൻ സ്ത്രീകൾക്കെതിരെ പരാമർശങ്ങൾ മണി നടത്തിയെന്ന് മനസ്സിലാക്കി സ്വമേധയാ കേസെടുക്കുകയും ചെയ്തിരുന്നു.
മണിക്കെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പൊമ്പിളൈ ഒരുമൈ പ്രവർത്തകർ സമരവും നടത്തിയിരുന്നു. മണിക്കെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ചിലർ ഹൈകോടതിയെയും സമീപിച്ചിട്ടുണ്ട്. എന്നാൽ സംഭവം വിവാദമായതോടെ മന്ത്രി എം. എം. മണി ഖേദപ്രകടനം നടത്തി.