Sunday, October 6, 2024
Homeപ്രാദേശികംകോവിഡ് പ്രതിരോധം: തഹസില്‍ദാര്‍മാര്‍ താലൂക്ക് തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം: ജില്ലാ കളക്ടര്‍

കോവിഡ് പ്രതിരോധം: തഹസില്‍ദാര്‍മാര്‍ താലൂക്ക് തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം: ജില്ലാ കളക്ടര്‍

വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍നിന്നും നിരവധി ആളുകള്‍ ജില്ലയില്‍ എത്തുന്ന സാഹചര്യത്തില്‍ താലൂക്ക് തലത്തില്‍ നിരീക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ തഹസില്‍ദാര്‍മാര്‍ക്ക് ജില്ലാ കളക്ടര്‍ പി.ബി നൂഹ് നിര്‍ദ്ദേശം നല്‍കി. താലൂക്ക്തല കോവിഡ് കെയര്‍ സെന്ററുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ പത്തനംതിട്ട കളക്ടറേറ്റില്‍ ചേര്‍ന്ന തഹസില്‍ദാര്‍മാരുടെ യോഗത്തിലാണ് കളക്ടര്‍ ഇക്കാര്യം നിര്‍ദേശിച്ചത്. താലൂക്കിന്റെ പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകളുമായി നിരന്തരം ബന്ധപ്പെടുകയും അതത് പ്രദേശങ്ങളില്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കുകയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്യണം. താലൂക്കില്‍ പ്രവേശിക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കുവാന്‍ പഞ്ചായത്ത് സെക്രട്ടറിമാരുമായും കോള്‍ സെന്ററുകളുമായും ധാരണകളുണ്ടാകണം.  മുഴുവന്‍സമയ പോലീസ് സംരക്ഷണം ആവശ്യമുള്ള കോവിഡ് കെയര്‍ സെന്ററുകളുടെ വിവരങ്ങള്‍ ഉടന്‍ കൈമാറണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. വിദേശത്തുനിന്നും എത്തുന്നവര്‍ക്ക് സൗജന്യമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ കോവിഡ് കെയര്‍ കേന്ദ്രങ്ങളുടെയും സ്വന്തം നിലയില്‍ പണം നല്‍കി താമസിക്കാന്‍കഴിയുന്ന കേന്ദ്രങ്ങളുടെയും വിശദവിവരങ്ങള്‍ നല്‍കണം. കോവിഡ് കെയര്‍ കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് സൗകര്യങ്ങള്‍ ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ഒരുവിധത്തിലുമുള്ള പ്രശ്നങ്ങളും ഉണ്ടാകാന്‍ പാടില്ലെന്നും തഹസില്‍ദാര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ഏതെങ്കിലും ഗ്രാമപഞ്ചായത്തിന് കീഴില്‍ കോവിഡ് കെയര്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കാതെ വരുകയോ റൂമുകള്‍ നിറയുകയോ ചെയ്യുന്ന സാഹചര്യത്തില്‍ അതത് പഞ്ചായത്ത് സെക്രട്ടറിമാര്‍ തഹസില്‍ദാറിനെ വിവരമറിയിക്കണം. വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തഹസില്‍ദാര്‍മാര്‍ മറ്റു പഞ്ചായത്തുകളിലെയോ മുനിസിപ്പാലിറ്റിയിലെയോ  കേന്ദ്രങ്ങളിലേക്ക് ആളുകളെ മാറ്റുകയും ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിയെ വിവരം അറിയിക്കുകയും വേണം. ഡെങ്കിപനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഈ മാസം 16 ന്  ‘ഡെങ്കി ഡേ’ ആചരിക്കുന്ന സാഹചര്യത്തില്‍  ശനിയാഴ്ച്ച (16)  ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും പരിസരങ്ങളും വൃത്തിയാക്കുവാനും ശുചീകരിക്കുവാനും ഉദ്യോഗസ്ഥര്‍ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.എഡിഎം അലക്സ് പി തോമസ്, തിരുവല്ല സബ് കളക്ടര്‍ ഡോ.വിനയ് ഗോയല്‍, അടൂര്‍ ആര്‍ഡിഒ:പി.ടി എബ്രഹാം, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.സി.എസ് നന്ദിനി, എന്‍.എച്ച്.എം ഡിപിഎം:ഡോ. എബി സുഷന്‍, തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments