ഇന്ത്യന്‍ മതന്യൂനപക്ഷങ്ങളുടെ ഭാവിയില്‍ ആശങ്കയറിയിച്ചു സാം ബ്രൗണ്‍ ബാക്ക്

ന്യൂയോര്‍ക്ക്: ഇന്ത്യന്‍ മതന്യൂനപക്ഷ സമുദായങ്ങളോട് ഇന്ത്യ ഗവണ്‍മെന്റിന്റെ സമീപനത്തില്‍ ആശങ്കയറിയിച്ച് യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്‌മെന്റ് വീണ്ടും രംഗത്ത്. ഇന്ത്യയില്‍ മതസ്വാതന്ത്ര്യത്തിനു നേരെയുള്ള ഭീഷണി ഞങ്ങളെ ആശങ്കാകുലരാക്കുന്നുവെന്ന് സ്റ്റേറ്റ് ഡിപാര്‍ട്‌മെന്റ് ഫോര്‍ റിലീജിയസ് ഫ്രീഡം അംബാസഡര്‍ സാം ബ്രൗണ്‍ബാക്ക് പറഞ്ഞു.

സാമുദായിക കലാപങ്ങളും ന്യൂനപക്ഷ സമുദായങ്ങള്‍ക്കു നേരെയുള്ള അക്രമങ്ങളും ദൈനംദിനം വര്‍ധിച്ചു വരുന്നതായി ഞങ്ങളുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും സാം ചൂണ്ടിക്കാട്ടി.

വ്യത്യസ്ത മതവിഭാഗങ്ങളുമായി അവര്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് ഇന്ത്യന്‍ ഭരണാധികാരികള്‍ സംസാരിക്കാന്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോവിഡ് 19 മഹാമാരിയെ തുടര്‍ന്ന് യുഎസില്‍ പോലും മതന്യൂനപക്ഷങ്ങള്‍ക്കു നേരെ ചിലര്‍ വിരല്‍ ചൂണ്ടുമ്പോള്‍ ഇന്ത്യയില്‍ വ്യാപകമായി കൊണ്ടിരിക്കുന്ന ഈ മഹാമാരിക്ക് അവിടെയുള്ള മതന്യൂനപക്ഷങ്ങളെ പഴിചാരരുതെന്നും മഹാമാരിക്ക് അവരല്ല ഉത്തരവാദികള്‍ എന്നും സാം ബ്രൗണ്‍ പറഞ്ഞു.

ഇന്ത്യയില്‍ ഇപ്പോള്‍ വേണ്ടത് രോഗം മൂലം ബുദ്ധിമുട്ടുന്നവര്‍ക്ക് ആവശ്യമായ ചികിത്സയും മരുന്നുകളും ഭക്ഷണവും ലഭ്യമാക്കുക എന്നതാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.