Sunday, September 15, 2024
HomeKeralaസുനിക്ക് പണം നല്‍കി കേസ് ഒതുക്കിത്തീര്‍ക്കാന്‍ ദിലീപ് ശ്രമിച്ചിരുന്നതായി പോലിസ്

സുനിക്ക് പണം നല്‍കി കേസ് ഒതുക്കിത്തീര്‍ക്കാന്‍ ദിലീപ് ശ്രമിച്ചിരുന്നതായി പോലിസ്

നടിയെ ആക്രമിച്ച സംഭവത്തിനു ശേഷം പള്‍സര്‍ സുനി ജയിലിനുള്ളില്‍ നിന്നു കത്തയക്കുകയും ഫോണ്‍ ചെയ്യുകയും ചെയ്തതോടെ സുനിക്ക് പണം നല്‍കി കേസ് ഒതുക്കിത്തീര്‍ക്കാന്‍ ദിലീപ് ശ്രമിച്ചിരുന്നതായി പോലിസ്. ഗോവയില്‍ വച്ച് നടിയെ ആക്രമിക്കാന്‍ പള്‍സര്‍ സുനി പദ്ധതിയിട്ടിരുന്നതായും പോലിസിന് വിവരം ലഭിച്ചു. ജനുവരിയിലായിരുന്നു ഈ ശ്രമമെന്നാണു വിവരം. ഗോവയില്‍ ഒരു ചിത്രത്തിന്റെ ലൊക്കേഷനില്‍ ഡ്രൈവറായിരുന്നു പള്‍സര്‍ സുനി. ആക്രമിക്കപ്പെട്ട നടിയും ലൊക്കേഷനില്‍ ഉണ്ടായിരുന്നു. എന്നാല്‍, ഒരു ദിവസം മാത്രമാണ് ഗോവയില്‍ ഷൂട്ടിങ് ഉണ്ടായിരുന്നത്. ഇതുമൂലം പദ്ധതി നടത്തന്‍ സുനിക്ക് വേണ്ടത്ര സമയം കിട്ടിയില്ലെന്നാണ് പോലിസ് പറയുന്നത്. പദ്ധതി നടപ്പാക്കാന്‍ സുനിക്കൊപ്പമുണ്ടായിരുന്നവരെ സമയത്ത് ഗോവയില്‍ എത്തിക്കാനും സാധിച്ചില്ല. തുടര്‍ന്നാണ് ശ്രമം പാളിയത്. ഇതിനുശേഷം ഫെബ്രുവരി 17നാണ് കൃത്യമായി നിശ്ചയിച്ചപ്രകാരം പദ്ധതി നടപ്പാക്കിയത്. നടിയെ ആക്രമിച്ച സംഭവത്തില്‍ മുന്‍നിശ്ചയിച്ചപ്രകാരമുള്ള പ്രതിഫലം പള്‍സര്‍ സുനിക്ക് ലഭിക്കാതെ വന്നതിനെ തുടര്‍ന്ന് ജയിലിലെ സഹതടവുകാരനായിരുന്ന വിഷ്ണുവിന്റെ സഹായത്തോടെ ദിലീപിന് കത്തെഴുതുകയും പിന്നീട് ഈ കത്ത് കൈമാറുന്നതിനായി വിഷ്ണു ദിലീപിന്റെ വീട്ടില്‍ എത്തുകയും ചെയ്തിരുന്നു. എന്നാല്‍, ദിലീപ് വീട്ടില്‍ ഇല്ലാതിരുന്നതിനെ തുടര്‍ന്ന് സഹോദരനില്‍ നിന്നും അപ്പുണ്ണിയുടെ ഫോണ്‍ നമ്പര്‍ വാങ്ങുകയും പിന്നീട് ഫോണില്‍ ബന്ധപ്പെട്ട് ഇക്കാര്യം അപ്പുണ്ണിയെ അറിയിക്കുകയും ചെയ്‌തെന്നും പോലിസ് പറയുന്നു. ഏപ്രില്‍ ഇരുപത്തിയൊന്നിന് ജയിലിലെ കോയിന്‍ബോക്‌സില്‍ നിന്ന് അപ്പുണ്ണിയെ പള്‍സര്‍ സുനി ഫോണില്‍ വിളിക്കുകയും ചെയ്തിരുന്നു. അപ്പോള്‍ ദിലീപും അപ്പുണ്ണിയും ഒരേ ലൊക്കേഷനില്‍ ആയിരുന്നുവെന്നും ഫോണ്‍കോള്‍ രേഖ നിരത്തി പോലിസ് പറയുന്നു. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ ബന്ധപ്പെടുത്തുമെന്ന് പറഞ്ഞ് പള്‍സര്‍ സുനി ജയിലിനുള്ളില്‍ കഴിയവെ പണം ലഭിക്കാന്‍ നിരവധി ശ്രമങ്ങള്‍ നടത്തി. വിവരം ദിലീപിന്റെ സഹായി അപ്പുണ്ണിയെയും നാദിര്‍ഷയെയും പള്‍സര്‍ സുനി അറിയിച്ചശേഷവും 20 ദിവസം കഴിഞ്ഞാണ് ദിലീപ് പള്‍സര്‍ സുനിക്കെതിരേ ബ്ലാക്ക് മെയിലിങ് ആരോപിച്ച് ഡിജിപിക്ക് പരാതി കൊടുത്തത്. പള്‍സര്‍ സുനിക്ക് പണം നല്‍കി കേസ് ഒതുക്കിത്തീര്‍ക്കാന്‍ ദിലീപ് മറ്റു പ്രതികളും സാക്ഷികളും മുഖേന ശ്രമിച്ചതാണ് പരാതി നല്‍കാന്‍ വൈകിയതിനു പിന്നിലെന്ന് പോലിസ് വിലയിരുത്തുന്നു. കൂടാതെ വിഷ്ണുവും അപ്പുണ്ണിയും എറണാകുളം ഏലൂര്‍ ടാക്‌സിസ്റ്റാന്റ് പരിസരത്ത് വച്ച് കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും പോലിസ് പറയുന്നു. പള്‍സര്‍ സുനി വിജേഷിനൊപ്പം കാവ്യാമാധവന്റെ ലക്ഷ്യയില്‍ എത്തിയിരുന്നുവെന്നും പോലിസിന് വിവരം ലഭിച്ചിരുന്നു. കൊച്ചിയിലെ കോടതിയില്‍ കീഴടങ്ങാന്‍ എത്തിയതിന്റെ തലേ ദിവസമാണ് കാക്കനാട്ടുള്ള കാവ്യമാധവന്റെ ലക്ഷ്യ എന്ന ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ എത്തിയതെന്നാണു പോലിസ് ഭാഷ്യം. കേസില്‍ നാദിര്‍ഷയ്ക്ക് പങ്കുണ്ടോയെന്നത് പരിശോധിച്ചുവരുകയാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments