നഴ്‌സുമാരുടെ സമരത്തിനെതിരെ അവശ്യ സേവന സംരക്ഷണ നിയമം പ്രയോഗിക്കണമെന്ന് ഹൈക്കോടതി

kottayam medical college

സംസ്ഥാനത്ത് നഴ്‌സുമാര്‍ തിങ്കളാഴ്ച മുതല്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന അനിശ്ചിതകാല സമരത്തിനെതിരെ എസ്മ (അവശ്യ സേവന സംരക്ഷണ നിയമം) പ്രയോഗിക്കണമെന്ന് ഹൈക്കോടതി. സ്വകാര്യ ആശുപത്രി ഉടമകള്‍ നല്‍കിയ ഹരജി പരിഗണിക്കവെയാണ് കോടതി നിര്‍ദേശം. സമരക്കാര്‍ മനുഷ്യ ജിവന് വിലകല്‍പ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
അതേസമയം, സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടാണ് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍(യുഎന്‍എ) സ്വീകരിച്ചത്. സുപ്രീംകോടതിയുടെ തീരുമാനപ്രകാരമുള്ള ശമ്പള വര്‍ധനവാണ് വേണ്ടതെന്നും അസോസിയേഷന്‍ കൂട്ടിച്ചേര്‍ത്തു.
നേരത്തെ സ്വകാര്യ ആശുപത്രി അധികൃതര്‍ക്കെതിരെ നഴ്‌സുമാര്‍ നടത്തിയ സമരത്തില്‍ സര്‍ക്കാര്‍ ഇടപെട്ട് മിനിമം വേതനം 8775 രൂപയില്‍ നിന്ന് 17,200 രൂപയാക്കി ഉയര്‍ത്തിയിരുന്നു. എന്നാല്‍, സുപ്രീംകോതി നിര്‍ദേശപ്രകാരമുള്ള 27,800 രൂപ അനുവദിക്കണമെന്നാണ് അസോസിയേഷന്റെ നിലപാട്.
തിങ്കളാഴ്ച മുതല്‍ നഴ്‌സുമാര്‍ സമരം നടത്തിയാല്‍ ആശുപത്രിയുടെ പ്രവര്‍ത്തനം ഭാഗികമായി നിര്‍ത്തിവക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.