ഇടുക്കി അണക്കെട്ടില്‍ മറഞ്ഞു കിടന്ന ഒരു ഗ്രാമം

idukki dam village

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നതോടെ
വെള്ളത്തില്‍ മറഞ്ഞുകിടന്ന വൈരമണി ഗ്രാമം പ്രത്യക്ഷപ്പെട്ടു. അരനൂറ്റാണ്ട് മുന്‍പ് ഇടുക്കി ഡാം നിര്‍മാണത്തിനായി കുടിയൊഴിപ്പിച്ച ഗ്രാമത്തിന്റെ അവേശഷിപ്പുകളാണ് ഉയര്‍ന്ന് വന്നിരിക്കുന്നത്. നൂറുവര്‍ഷത്തിലധികം പഴക്കമുള്ള പള്ളി, സെമിത്തേരി, വീടുകളുടെയും കടകളുടെയും തറകള്‍ തുടങ്ങി വൈരമണി ഗ്രാമത്തിലെ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളാണ് ജലനിരപ്പ് താഴ്ന്നതോടെ പ്രത്യക്ഷപ്പെട്ടത്.

അരനൂറ്റാണ്ട് മുമ്ബ് ചെറുതോണിക്കും കുരുതിക്കളത്തിനും ഇടയിലെ വലിയ ജനവാസ കേന്ദ്രമായിരുന്നു കുളമാവിലെ വൈരമണി. 1974ല്‍ ഇടുക്കി ഡാമിന്റെ റിസര്‍വോയറില്‍ വെള്ളം നിറച്ചപ്പോഴാണ് ഗ്രാമം വിസ്മൃതിയിലായത്. ഇതിന് മുമ്ബ് വൈരമണിയിലെ താമസക്കാരെയെല്ലാം ഇടുക്കി ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് സര്‍ക്കാര്‍ മാറ്റിപ്പാര്‍പ്പിച്ചിരുന്നു.

ഡാം വരുന്നതിന് മുമ്ബ് വൈരമണി വഴി കട്ടപ്പനയിലേക്ക് വനത്തിലൂടെ ജീപ്പ് റോഡുണ്ടായിരുന്നു. മൊട്ടക്കുന്നുകള്‍ക്കിടയിലൂടെയുള്ള ഈ വഴിയുടെ അവശിഷ്ടങ്ങളും ഇപ്പോള്‍ കാണാം. വൈരമണിയിലെത്താന്‍ കുളമാവില്‍ നിന്ന് റിസര്‍വോയറിലൂടെ മുക്കാല്‍ മണിക്കൂര്‍ വള്ളത്തില്‍ സഞ്ചരിക്കണം. ഇവിടെ ബോട്ടിംഗ് ഇല്ലാത്തതിനാല്‍ ചെറുതോണിയിലെ വിനോദസഞ്ചാര ബോട്ട് കുളമാവിലേക്ക് കൂടി നീട്ടിയാല്‍ മാത്രമേ സഞ്ചാരികള്‍ക്ക് ഈ അപൂര്‍വ ദൃശ്യം കാണാനാകു.