രാജി പിന്‍വലിക്കാന്‍ തീരുമാനിച്ച വിമത എംഎല്‍എ മുംബൈയിലേക്ക് പോയി

karnataka

രാഷ്ട്രീയ പ്രതിസന്ധികള്‍ക്കിടയില്‍ രാജി പിന്‍വലിക്കാന്‍ തീരുമാനിച്ച മുന്‍ മന്ത്രിയും വിമത എംഎല്‍എയുമായ എംടിബി നാഗരാജ് മുംബൈയിലേക്ക് പോയി.

ബിജെപി നേതാവ് യദ്യൂരപ്പയുടെ പിഎ സന്തോഷിനൊപ്പമാണ് നാഗരാജ് മുംബൈലേക്ക് വിമാനം കയറിയത്. എച്ച്.എ.എല്‍ വിമാനത്താവളത്തില്‍ നിന്ന് പ്രത്യേക വിമാനത്തിലായിരുന്നു യാത്ര.

ഇന്നലെ ഡി.കെ ശിവകുമാറുമായി നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് രാജി പിന്‍വലിക്കാന്‍ നാഗരാജ് തീരുമാനിച്ചത്. നാഗരാജിനൊപ്പം സുധാകര്‍ റാവുവും രാജി പിന്‍വലിക്കാന്‍ തയാറാണെന്ന് അറിയിച്ചിരുന്നു.

എല്ലാ നേതാക്കളും തങ്ങളോട് പാര്‍ട്ടിയില്‍ തുടരാന്‍ ആവശ്യപ്പെട്ടുവെന്നും അതിന്‍റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടിക്കൊപ്പം നിലകൊള്ളാന്‍ തീരുമാനിച്ചതെന്നും നാഗരാജ് പറഞ്ഞിരുന്നു.

ചിക്ബല്ലാപുരം എംഎല്‍എ സുധാകര്‍ റാവുവിനോടും കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടെന്നും ഞങ്ങള്‍ ഇരുവരും രാജികത്ത് പിന്‍വലിക്കുമെന്നും അദേഹംവ്യക്തമാക്കിയിരുന്നു.

ശനിയാഴ്ച രാവിലെ ഡി.കെ.ശിവകുമാര്‍ അദ്ദേഹത്തിന്‍റെ വസതിയിലെത്തി നാല് മണിക്കൂറുകളോളം നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് തന്‍റെ തീരുമാനം പുന:പരിശോധിക്കാമെന്ന് നാഗരാജ് അറിയിച്ചത്.