അമേരിക്കയില്‍ വെള്ളക്കാരായ ദേശീയവാദികളുടെ നേതൃത്വത്തില്‍ നടത്തിയ റാലിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് മരണം. 19 പേര്‍ക്ക് പരിക്കേറ്റു. റാലിക്കിടെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായതിനിടയിലേക്ക് കാറോടിച്ചുകയറ്റിയാണ് ഒരാള്‍ മരിച്ചത്. സംഘര്‍ഷമേഖലയിലുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ രണ്ടുപേര്‍കൂടി മരിച്ചു. വിര്‍ജീനിയയില്‍നിന്ന് 256 കിലോമീറ്റര്‍ അകലെയുള്ള ഷാര്‍ലറ്റ്സ്വില്ലിലാണ് സംഭവം. ഒഹയോ നിവാസിയായ ജെയിംസ് ഫീല്‍ഡ്ഡ് എന്നയാള്‍ അറസ്റ്റിലായി.
ഷാര്‍ലറ്റ്സ്വില്ലിലെ പാര്‍ക്കില്‍നിന്ന് റോബര്‍ട്ട് എഡ്വാര്‍ഡ് ലീയുടെ പ്രതിമ നീക്കംചെയ്തതില്‍ പ്രതിഷേധിച്ചാണ് വെളുത്ത ദേശീയവാദികള്‍ യുണൈറ്റ് ദ റൈറ്റ് എന്ന പേരില്‍ പ്രക്ഷോഭം സംഘടിപ്പിച്ചത്. എതിര്‍ചേരിയില്‍പ്പെട്ട നവ നാസികള്‍ പ്രകടനം നടത്തിയതിനെ തുടര്‍ന്നാണ് മേഖലയില്‍ സംഘര്‍ഷമുണ്ടായത്. ഇതിനിടെ പ്രക്ഷോഭകര്‍ക്കിടയിലേക്ക് കാര്‍ ഓടിച്ചുകയറ്റുകയായിരുന്നു. ഹെലികോപ്റ്റര്‍ അപകടത്തെപ്പറ്റി കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. സംഭവത്തെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അപലപിച്ചു.
വിര്‍ജീനിയയില്‍ ഗവര്‍ണര്‍ ടെറി മകാലിഫ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തീവ്രവലതുപക്ഷ വിഭാഗങ്ങള്‍ നടത്തിയ പ്രക്ഷോഭത്തിനിടെയുണ്ടായ സംഘര്‍ഷത്തെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിസ്സാരമായി കണ്ടെന്ന് റിപ്പബ്ളിക്കന്‍ പാര്‍ടിയില്‍നിന്ന് വിമര്‍ശനമുയര്‍ന്നു.