ചന്ദ്രയാന്‍-2 ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്ക് യാത്ര തുടങ്ങി

ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രപര്യവേക്ഷണ പേടകമായ ചന്ദ്രയാന്‍-2 ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്ക് യാത്ര തുടങ്ങി . ഇന്ന് പുലര്‍ച്ചെ 2:21നാണ് ചന്ദ്രയാന്‍ രണ്ടിനെ ലൂണാര്‍ ട്രാന്‍സ്ഫര്‍ ട്രജക്റ്ററിയിലേക്ക് മാറ്റിയത്. 1203 സെക്കന്‍ഡ്(20.05 മിനുട്ട്) നേരം പേടകത്തിലെ പ്രൊപ്പല്‍ഷന്‍ സിസ്റ്റം പ്രവര്‍ത്തിപ്പിച്ചാണ് ഭ്രമണപഥ മാറ്റം പൂര്‍ത്തിയാക്കിയത്. ചന്ദ്രനെ ലക്ഷ്യമാക്കി നീങ്ങുന്ന ചന്ദ്രയാന്‍-2 ഈ മാസം 20ന് ചന്ദ്രനില്‍ പ്രവേശിക്കുമെന്നും അടുത്തമാസം ഏഴിന്ന് പേടകം ചന്ദ്രനില്‍ ഇറങ്ങുമെന്നും ഐഎസ്ആര്‍ഒ അറിയിച്ചു. ‘ട്രാന്‍സ് ലൂണാര്‍ ഇന്‍ജക്ഷന്‍’ എന്ന കൃത്യം വിജയിക്കുന്നതോടെ ഭൂമിയെ ചുറ്റിയുള്ള പേടകത്തിന്റെ 23 ദിവസത്തെ യാത്ര അവസാനിക്കും. സെപ്തംബര്‍ രണ്ടിനായിരിക്കും വിക്രം ലാന്‍ഡറും ചന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്ററും വേര്‍പെടുക. സെപ്തംബര്‍ ഏഴിനായിരിക്കും ചരിത്രപരമായ ലൂണാര്‍ സോഫ്റ്റ് ലാന്‍ഡിങ് നടക്കുക. എല്ലാ ഘടകങ്ങളും നല്ലരീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും കൃത്യമായ ദിശയിലാണ് നീങ്ങുന്നതെന്നും ഐഎസ്ആര്‍ഒ അറിയിച്ചു. ജൂലൈ 22നാണ് ചന്ദ്രയാന്‍ 2 ശ്രീഹരിക്കോട്ടയില്‍നിന്നു കുതിച്ചുയര്‍ന്നത്.