തിരുവനന്തപുരം റീജണല്‍ ക്യാന്‍സര്‍ സെന്ററില്‍ നിന്ന് ചികിത്സാര്‍ത്ഥം രക്തം സ്വീകരിച്ച ഒന്‍പതുകാരിക്ക് എച്ച്‌ഐവി ബാധിച്ചു. ചികിത്സയ്ക്കായി ആര്‍സിസിയില്‍ എത്തിയ ആലപ്പുഴ സ്വദേശിനിയായ ഒന്‍പതുകാരിക്കാണ് എയ്ഡ്‌സ് ബാധിച്ചത്. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ പോലീസ് കേസെടുത്തു.
പെണ്‍കുട്ടിയില്‍ ക്യാന്‍സര്‍ ബാധ തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് മാര്‍ച്ച് ഒന്‍പതിനാണ് ഇവര്‍ ആര്‍സിസിയില്‍ ചികിത്സ തേടിയത്. ഇതിനകം നാല് തവണ പെണ്‍കുട്ടിയെ കീമോതെറാപ്പിക്ക് വിധേയയാക്കി. അതിന്റെ ഭാഗമായി രക്തം സ്വീകരിക്കുകയും ചെയ്തു. ഒരാഴ്ച മുമ്പ് നടന്ന പരിശോധനയിലാണ് കുട്ടിക്ക് എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചത്. മാതാപിതാക്കള്‍ക്ക് എച്ച്‌ഐവി ഇല്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ആര്‍സിസിയില്‍ ചികിത്സയ്ക്ക് എത്തിയ ആദ്യ ദിവസങ്ങളില്‍ കുട്ടി എച്ച്‌ഐവി ബാധിതയല്ലായിരുന്നു. ഇതിനിടെ മറ്റെവിടെയും ചികിത്സ തേടിയിട്ടില്ല. അതിനാല്‍ ആര്‍സിസിയില്‍ നിന്ന് തന്നെയാണ് കുട്ടിക്ക് എച്ച്‌ഐവി ബാധിച്ചതെന്ന് മാതാപിതാക്കള്‍ പറഞ്ഞു.
അതേസമയം മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് രക്തം നല്‍കിയതെന്ന് ആര്‍സിസി അധികൃതര്‍ വ്യക്തമാക്കി. വീഴ്ച പറ്റിയോ എന്ന് പരിശോധിക്കുമെന്നും ആര്‍സിസി വ്യക്തമാക്കി. സംഭവത്തില്‍ കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ മെഡിക്കല്‍ കോളജ് പോലീസ് അന്വേഷണം ആരംഭിച്ചു.