സോളാർ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് തനിക്ക് നൽകാത്തത് സാമാന്യ നീതിയുടെ ലംഘനമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവരാവകാശ നിയമപ്രകാരം സോളാർ അന്വേഷണ റിപ്പോർട്ട് ലഭിച്ചില്ലെങ്കിൽ റിപ്പോർട്ടിനായി മുഖ്യമന്ത്രിയെ സമീപിക്കും. റിപ്പോർട്ടിലെ വിവരങ്ങൾ എന്താണെന്ന് മനസിലായാലെ തുടർ നടപടികൾ സ്വീകരിക്കാൻ സാധിക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
ജുഡീഷൽ കമ്മീഷൻ റിപ്പോർട്ട് പൊതുരേഖയല്ലെന്ന നിലപാടിന്റെ അടിസ്ഥാനത്തിൽ സോളാർ ജുഡീഷൽ കമ്മീഷൻ റിപ്പോർട്ട് വിവരാവകാശ നിയമ പ്രകാരം തത്കാലം നൽകേണ്ടതില്ലെന്നു സർക്കാർ തീരുമാനിച്ചിരുന്നു. ഉമ്മൻ ചാണ്ടിയുടേത് ഉൾപ്പെടെ റിപ്പോർട്ട് ആവശ്യപ്പെട്ടുള്ള 22 അപേക്ഷകളാണു സർക്കാരിനു ലഭിച്ചത്. കമ്മീഷൻ നിഗമനങ്ങളിൽ എടുക്കുന്ന നടപടിയുടെ റിപ്പോർട്ട് സഹിതം നിയമസഭയുടെ മേശപ്പുറത്തു വച്ചശേഷം മാത്രമേ ഇതു പൊതുരേഖയായി മാറുകയുള്ളൂ. റിപ്പോർട്ടിന്മേൽ മന്ത്രിസഭ ചർച്ച ചെയ്യുകയും അന്വേഷണം നടത്താൻ നിർദേശിക്കുകയും ചെയ്ത ഏതാനും ഭാഗങ്ങൾ മാത്രമാണു മുഖ്യമന്ത്രി പത്രസമ്മേളനം നടത്തി പുറത്തുവിട്ടതെന്നാണു സർക്കാർ വൃത്തങ്ങൾ നൽകുന്ന വിശദീകരണം. പ്രത്യേക പോലീസ് സംഘത്തിന്റെയും വിജിലൻസിന്റെയും അന്വേഷണം പൂർത്തിയാകുന്ന മുറയ്ക്കു നടപടിറിപ്പോർട്ട് സഹിതം നിയമസഭയിൽ വയ്ക്കും.