Tuesday, April 23, 2024
HomeCrime300 കോടിയോളം രൂപയുടെ ലഹരി മരുന്ന് കൊച്ചി വഴി വിദേശത്തേക്ക് കടത്തിയതായി സൂചന

300 കോടിയോളം രൂപയുടെ ലഹരി മരുന്ന് കൊച്ചി വഴി വിദേശത്തേക്ക് കടത്തിയതായി സൂചന

300 കോടിയോളം രൂപ വില വരുന്ന ലഹരി മരുന്നായ എംഡിഎംഐ കൊച്ചി വഴി വിദേശത്തേക്ക് കടത്തിയതായി സൂചന. കൊറിയര്‍ സര്‍വീസ് വഴി 200 കോടിയുടെ ലഹരിമരുന്നു കടത്താന്‍ ശ്രമിച്ച കേസിലെ അന്വേഷണത്തിനിടെയാണ് മുന്‍പും എംഡിഎംഐ കടത്തിയതായി സൂചന ലഭിച്ചത്. കൊറിയര്‍ സര്‍വീസ് വഴി 200 കോടിയുടെ ലഹരിമരുന്നു കടത്തിയ കേസില്‍ അറസ്റ്റിലായ കണ്ണൂര്‍ സ്വദേശി പ്രശാന്തും കൂട്ടാളി ചെന്നൈ സ്വദേശി അലിയും ചേര്‍ന്ന് മുന്‍പും കൊച്ചി വഴി എംഡിഎംഐ കടത്തിയിട്ടുണ്ടെന്നാണ് എക്സൈസ് സംഘത്തിന് ലഭിക്കുന്ന വിവരം. ഇതുസംബന്ധിച്ച്‌ കൂടുതല്‍ അന്വേഷണങ്ങള്‍ക്കും തെളിവുശേഖരണത്തിനുമായി എക്സൈസ് സംഘം ചെന്നൈയിലേക്ക് തിരിച്ചു. കേസന്വേഷണത്തിന് കേന്ദ്ര ഏജന്‍സികളുടെ സഹായം തേടിയതായി എക്സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ് പറഞ്ഞു. വിദേശത്തേക്ക് കടന്ന അലിയെ കണ്ടെത്താന്‍ ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. അന്വേഷണത്തിന് കസ്റ്റംസിന്റേയും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടേയും സഹായം തേടി. ലഹരിമരുന്ന് വിദേശത്തേക്ക് കടത്തുന്നതിന് കൊച്ചി തിരഞ്ഞെടുക്കുന്നതിന്റെ കാരണം പരിശോധിക്കും. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള വലിയ ലഹരികടത്ത് സംഘം കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ലഹരികടത്ത് സംഘത്തെ പിടികൂടാന്‍ അയല്‍ സംസ്ഥാനങ്ങളിലെ ഡിജിപിമാരുടെ സഹായം തേടുമെന്നും ചര്‍ച്ചകള്‍ക്കായി അടുത്ത ദിവസം ചെന്നൈയ്ക്ക് തിരിക്കുമെന്നും ഋഷിരാജ് സിങ് കൂട്ടിച്ചേര്‍ത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments