കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും ജില്ലയില്‍ ഇന്ന് (ഒക്ടോബര്‍ 14) മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴ ജില്ലയിലുടനീളം പെയ്യുന്നുണ്ട്.

കാലാവസ്ഥ നിരീക്ഷണ കേന്ദ്രവും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും ജില്ലയില്‍ ഇന്ന് (ഒക്ടോബര്‍ 14) മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴ ജില്ലയിലുടനീളം പെയ്യുന്നുണ്ട്.  കെഎസ്ഇബി ലിമിറ്റഡിന്റെ അധീനതയിലുള്ള പമ്പ ഡാമിന്റെ  പരമാവധി ജലനിരപ്പ് 986.33  മീറ്ററാണ്.  പമ്പ ഡാമിന്റെ  നീല, ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ പ്രഖ്യാപിക്കുന്നത് യഥാക്രമം 982.00 മീറ്റര്‍, 983.50  മീറ്റര്‍, 984.50  മീറ്റര്‍ ജലനിരപ്പ് എത്തിച്ചേരുമ്പോഴാണ്. ഇന്ന് (ഒക്ടോബര്‍ 14) ഉച്ചക്ക്  ഒന്നിന് റിസര്‍വോയറിന്റെ ജലനിരപ്പ് 981.50 മീറ്ററില്‍ എത്തി. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാലും, ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായതിനാലും, കാലാവസ്ഥാ പ്രവചന പ്രകാരം വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുമെന്നതിനാലും, ഇന്ന് (ഒക്ടോബര്‍ 14) വൈകിട്ട് ആറിന് റിസര്‍വോയറിലെ ജലനിരപ്പ് 982.00 മീറ്ററില്‍ എത്തിച്ചേരാനുള്ള സാധ്യത ഉള്ളതിനാലും കെഎസ്ഇബി അണക്കെട്ട് സുരക്ഷാ വിഭാഗം നീല അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ പമ്പാ നദിയുടെയും കക്കാട്ടാറിന്റെ ഇരുകരകളില്‍ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ പി.ബി.നൂഹ് അറിയിച്ചു.റിസര്‍വോയറിലെ ജലനിരപ്പ് 983.50 മീറ്റര്‍ എത്തിച്ചേരുന്ന സാഹചര്യത്തില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കും. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ചിട്ടുള്ള ഓറഞ്ച് ബുക്കിലെ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി വാര്‍ത്ത പത്ര, ദൃശ്യ, ശ്രവ്യ മാധ്യമങ്ങള്‍ വഴി പ്രസിദ്ധീകരിക്കുന്നതും, മൈക്ക് അനൗണ്‍സ്മെന്റ് നടത്തുന്നതും, ജനപ്രതിനിധികളെ അറിയിക്കുന്നതുമാണ്.ജലനിരപ്പ് 984.50 മീറ്റര്‍ എത്തിച്ചേരുന്ന സാഹചര്യത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കും. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ചിട്ടുള്ള ഓറഞ്ച് ബുക്കിലെ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി വാര്‍ത്ത പത്ര, ദൃശ്യ, ശ്രവ്യ മാധ്യമങ്ങള്‍ വഴി പ്രസിദ്ധീകരിക്കുന്നതും, മൈക്ക് അനൗണ്‍സ്മെന്റ് നടത്തുന്നതും, താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും ജനങ്ങളെ പൂര്‍ണമായും ഒഴിപ്പിച്ച് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റുന്നതുമാണ്