പുനലൂര്‍-മൂവാറ്റുപുഴ റോഡ് വികസനം അതിവേഗം പുരോഗമിക്കുന്നു

പത്തനംതിട്ട ജില്ലയുടെ മലയോര മേഖലയുടെ വികസന സ്വപ്നങ്ങള്‍ക്ക് ഗതിവേഗം കൂട്ടി പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാനപാതയുടെ ഉന്നതനിലവാരത്തിലുള്ള നിര്‍മാണം പുരോഗമിക്കുന്നു. ഇതോടെ ജനങ്ങളുടെ ഇരുപത് വര്‍ഷത്തില്‍ അധികമായുള്ള കാത്തിരിപ്പിന് വിരാമമാകുകയാണ്.  700 കോടി രൂപ മുതല്‍ മുടക്കി നിര്‍മിക്കുന്ന റോഡ് മൂന്ന് റീച്ചുകളായാണ് നിര്‍മാണം നടത്തുന്നത്. പുനലൂര്‍ മുതല്‍ കോന്നി വരെയും കോന്നി മുതല്‍ പ്ലാച്ചേരി വരെയും പ്ലാച്ചേരി മുതല്‍ പൊന്‍കുന്നം വരെയുമാണ് റീച്ചുകള്‍. കോന്നി – പ്ലാച്ചേരി, പ്ലാച്ചേരി – പൊന്‍കുന്നം ഭാഗങ്ങളുടെ നിര്‍മാണം ആണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.പുനലൂര്‍-മൂവാറ്റുപുഴ റോഡില്‍ കോന്നി – പുനലൂര്‍ റീച്ചിന്റെ നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി. കോന്നി മുതല്‍ പുനലൂര്‍ വരെയുള്ള 29.84 കിലോമീറ്റര്‍ റോഡിന്റെ വര്‍ക്കാണ് കെഎസ്ടിപി ടെന്‍ഡര്‍ ചെയ്തത്. ഇതില്‍ 15 കിലോമീറ്റര്‍ കോന്നി നിയോജക മണ്ഡലത്തിലാണ്. 221 കോടി രൂപയ്ക്കാണ് ടെന്‍ഡര്‍ നടത്തിയത്.  279 കോടി രൂപയാണ് കോന്നി മുതല്‍ പ്ലാച്ചേരി വരെയുള്ള 30 കിലോമീറ്റര്‍ ഭാഗത്തിന്റെ നിര്‍മാണത്തിനായി വിനിയോഗിക്കുന്നത്.  ഇ കെ കെ  കമ്പനിക്കാണ് നിര്‍മാണ ചുമതല. കോന്നി – പ്ലാച്ചേരി റീച്ചില്‍ റോഡിന്റെ മണ്ണെടുപ്പ് പണികള്‍ പൂര്‍ത്തിയായി വരുന്നു. റോഡ് വീതികൂട്ടല്‍, കലുങ്കുകള്‍, ഓടകള്‍, സംരക്ഷണ ഭിത്തി നിര്‍മാണം, വൈദ്യുതി പോസ്റ്റ് മാറ്റിസ്ഥാപിക്കല്‍, വാട്ടര്‍ അതോറിറ്റി പൈപ്പ് മാറ്റിസ്ഥാപിക്കല്‍ തുടങ്ങിയ നിര്‍മാണങ്ങള്‍ ആണ് ഇപ്പോള്‍ നടക്കുന്നത്. കോന്നി – പ്ലാച്ചേരി റീച്ചില്‍ 119 കലുങ്കുകളും 39 കിലോമീറ്റര്‍ ഓടയും നിര്‍മിക്കുന്നു. ഉയരം കൂടിയ ഭാഗങ്ങളില്‍ ഗാബിയോണ്‍ ( വലയില്‍ പൊതിഞ്ഞുള്ള കല്ലു കെട്ട് ) രീതിയാണ് സ്വീകരിച്ചിരിക്കുന്നത്. മണ്ണാറക്കുളഞ്ഞി മുതല്‍ ഉതിമൂട് വരെയുള്ള ഭാഗത്ത് ഇത്തരത്തിലുള്ള കെട്ടാണ് ഇപ്പോള്‍ നടക്കുന്നത്. റോഡിന്റെ മറ്റ് പ്രാഥമിക നിര്‍മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കി നവംബറോടു കൂടി കോന്നി – പ്ലാച്ചേരി റീച്ചിന്റെ ടാറിംഗ് ജോലികള്‍ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്.