സബര്‍മതി നദിയിലൂടെ സീപ്ലെയ്ന്‍ പറപ്പിച്ച്‌ മോദിയുടെ ഷോ

0
7

ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ ഭാഗമായി അഹമ്മദാബാദില്‍ നടത്താനിരുന്ന റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ചതിന് പിന്നാലെ പുതിയ മാര്‍ഗം തേടി പ്രധാനമന്ത്രി നരേന്ദ്രമോദി. സബര്‍മതി നദിയിലൂടെ സീപ്ലെയ്ന്‍ (ജലവിമാനം) പറപ്പിച്ചായിരുന്നു മോദിയുടെ ഷോ. അഹമ്മദാബാദ് നഗരത്തോടു ചേര്‍ന്നൊഴുകുന്ന സബര്‍മതി നദിയില്‍നിന്ന് ജലവിമാനത്തില്‍ കയറിയ മോദി, മെഹ്‌സാന ജില്ലയിലുള്ള ദാറോയ് ഡാം വരെ അതില്‍ യാത്ര ചെയ്തു. സബര്‍മതി നദിയില്‍ ആദ്യമായാണ് ജലവിമാനം ഇറക്കുന്നത്. സബര്‍മതി നദിയിലൂടെ ജലവിമാനം പറപ്പിക്കുന്നതായി മോദി തന്നെയാണ് ട്വിറ്ററിലൂടെ ജനങ്ങളെ അറിയിച്ചത്. അഹമ്മദാബാദില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലും സബര്‍മതി നദിയില്‍ ആദ്യമായി ജലവിമാനമിറക്കുന്ന കാര്യം മോദി പ്രഖ്യാപിച്ചിരുന്നു.‘രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ചൊവ്വാഴ്ച സബര്‍മതി നദിയില്‍ ജലവിമാനം ഇറങ്ങും. ദാറോയ് ഡാമില്‍ ഇറങ്ങിയ ശേഷം അംബാജിയിലെ തിരഞ്ഞെടുപ്പ് യോഗത്തിലും പങ്കെടുത്തശേഷമായിരിക്കും ഞാന്‍ മടങ്ങുക’ മോദി പറഞ്ഞു. എല്ലായിടത്തും വിമാനത്താവളങ്ങള്‍ നിര്‍മിക്കുക പ്രായോഗികമല്ലാത്തതിനാല്‍ ജലവിമാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ മുന്‍ഗണന നല്‍കുമെന്നും മോദി പറഞ്ഞിരുന്നു. അംബോജിയില്‍ സംഘടിപ്പിക്കുന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തശേഷം അതേ ജലവിമാനത്തില്‍ തന്നെ മോദി അഹമ്മദാബാദിലേക്ക് മടങ്ങും. ഗുജറാത്ത് രണ്ടാംഘട്ട തെരഞ്ഞെടുപ്പിന്റെ അവസാന പ്രചരണ ദിവസമാണ് ഇന്ന്. ശനിയാഴ്ചയായിരുന്നു ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്നത്. 89 മണ്ഡലങ്ങളില്‍ നടന്ന വോട്ടെടുപ്പില്‍ 68 ശതമാനം പോളിങ് ആയിരുന്നു രേഖപ്പെടുത്തിയത്. ഡിസംബര്‍ 14 നാണ് 93 മണ്ഡലങ്ങളിലെ വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 18 നാണ് ഫലപ്രഖ്യാപനം. അഹമ്മദാബാദില്‍ നിയുക്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും നരേന്ദ്രമോദിയും നടത്താനിരുന്ന റോഡ് ഷോയ്ക്ക് അഹമ്മദാബാദ് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. സുരക്ഷാ കാരണങ്ങളും ക്രമസമാധാന പ്രശ്‌നങ്ങളും മുന്‍നിര്‍ത്തിയായിരുന്നു നടപടി.നഗരത്തിലെ ധമിധാര്‍ ദരേസറില്‍നിന്നു ബാപ്പുനഗറിലേക്കു ബിജെപിയും ജഗന്നാഥ ക്ഷേത്രത്തില്‍നിന്നു മെന്‍കോ മേഖലയിലേക്കു കോണ്‍ഗ്രസുമാണു ശക്തിപ്രകടനം നടത്താന്‍ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ഈ വഴി ഇടുങ്ങിയ റോഡുകളാണെന്നും തിരക്കുപിടിച്ച മേഖലകളില്‍ പലതും വര്‍ഗീയസംഘര്‍ഷസാധ്യതയുള്ളതാണെന്നുമാണ് പറഞ്ഞായിരുന്നു പൊലീസ് അനുമതി നിഷേധിച്ചത്. അതേസമയം രാജ്യത്തെ തന്നെ ആദ്യസംഭവമാണ് ഇതെന്നായിരുന്നു മോദിയുടെ ജലവിമാന യാത്രയെ കുറിച്ചുള്ള ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയുടെ പ്രസ്താവന. ദറോയില്‍ നിന്നും മോദി വിമാനയാത്ര നടത്തുമെന്നും അംബാജി ക്ഷേത്രസന്ദര്‍ശനത്തിന് ശേഷമായിരിക്കും അദ്ദേഹത്തിന്റെ മടക്കമെന്നും വിജയ് രൂപാനി പറഞ്ഞിരുന്നു.