ശബരിമലയിൽ പ്രവേശിച്ച കനകദുര്‍ഗയ്ക്ക് ഇന്ന് രാവിലെ വീട്ടില്‍ തിരിച്ചെത്തിയപ്പോൾ ഭര്‍ത്താവിന്‍റെ അമ്മയിൽ നിന്ന് മര്‍ദ്ദനമേറ്റു. വീട്ടിലെത്തിയ കനക ദുര്‍ഗ്ഗയെ ഭര്‍ത്താവിന്റെ അമ്മ പട്ടിക കൊണ്ട് തലയ്ക്ക് അടിച്ചെന്നാണ് ആരോപണം. കനകദുര്‍ഗ്ഗ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. അതേസമയം കനകദുര്‍ഗ്ഗ മര്‍ദ്ദിച്ചെന്നാരോപിച്ച് ഭര്‍ത്താവിന്‍റെ അമ്മയും ചികിത്സ തേടി. ഭര്‍ത്താവ് കൃഷ്ണനുണ്ണിയുടെ അമ്മ സുമതിക്കെതിരെ പെരിന്തല്‍മണ്ണ പൊലീസ് കേസെടുത്തു.
പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം സ്വദേശിയായ കനകദുര്‍ഗ്ഗയും സുഹൃത്ത് ബിന്ദുവും ഈ മാസം രണ്ടാം തീയതിയാണ് ശബരിമലയിലെത്തി ദര്‍ശനം നടത്തിയത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രഹസ്യ കേന്ദ്രങ്ങളില്‍ കഴിയുകയായിരുന്നു ഇരുവരും. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് കനകദുര്‍ഗ്ഗ അങ്ങാടിപ്പുറത്തുള്ള വീട്ടിലെത്തിയത്. പൊലീസ് സുരക്ഷയും ഒരുക്കിയിരുന്നു.വീടിനുള്ളിലേക്ക് കയറിയപ്പോള്‍ ഭര്‍ത്താവിന്‍റെ അമ്മ സുമതി മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് കനകദുര്‍ഗ്ഗയുടെ പരാതി. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച കനകദുര്‍ഗയെ വിദഗ്ഡദ്ധ പരിശോധനക്കായി കോഴിക്കോട്ടേക്ക് മാറ്റി. മഞ്ചേരിയില്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധവുമായി ശബരിമല കര്‍മ്മ സമിതി പ്രവര്‍ത്തകരെത്തി. കനകദുര്‍ഗ്ഗയാണ് പ്രകോപനം ഉണ്ടാക്കിയതെന്നും ഇനി വീട്ടില്‍ കയറ്റില്ലെന്നും സഹോദരന്‍ പറഞ്ഞു. അതേസമയം കനക ദുര്‍ഗ്ഗയുടെ ഭര്‍ത്താവിന്റെ അമ്മ സുമതി പെരിന്തല്‍മണ്ണ ആശുപത്രിയില്‍ ചികിത്സയിലാണ്. പൊലീസ് ഇരുകൂട്ടരുടേയും മൊഴി രേഖപ്പെടുത്തിയ ശേഷമാണ് ഭര്‍ത്താവിന്റെ അമ്മയ്ക്കെതിരെ കേസ് എടുത്തത്.