അനധികൃതസ്വത്തു സമ്പാദന കേസ്സ്; ശശികലയും കൂട്ടുപ്രതികളും കുറ്റക്കാർ

ശശികലയും കൂട്ടുപ്രതികളും കുറ്റക്കാർ

ശശികല കുറ്റക്കാരിയാണെന്ന് സുപ്രീം കോടതി

എ. ഐ. എ. ഡി. എം. കെ. ജനറല്‍ സെക്രട്ടറി വി കെ ശശികല അനധികൃതസ്വത്തു സമ്പാദന കേസില്‍ കുറ്റക്കാരിയാണെന്ന് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചു. ശശികലയുടെ ബന്ധുക്കളായ വി എന്‍ സുധാകരന്‍, ജെ. ഇളവരശി എന്നിവരും കുറ്റക്കാരാണ് എന്ന് സുപ്രീം കോടതി.

വിചാരണക്കോടതി വിധിച്ച ശിക്ഷ നിലനില്‍ക്കും

കര്‍ണാടക ഹൈക്കോടതി ഇവരെ കുറ്റവിമുക്തരാക്കിയ വിധി സുപ്രീംകോടതി റദ്ദാക്കി. വിചാരണക്കോടതി മൂവര്‍ക്കും വിധിച്ച ശിക്ഷ നിലനില്‍ക്കും. 4 വര്‍ഷം തടവും 10 കോടി വീതം പിഴയുമാണ് ശശികലയ്ക്കും കൂട്ടര്‍ക്കും വിചാരണക്കോടതി വിധിച്ചിരുന്നത്. ബംഗളൂരുവിലെ വിചാരണക്കോടതി മുമ്പാകെ പ്രതികള്‍ ഉടന്‍ കീഴടങ്ങണമെന്നും കോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ അമിതാവ റോയ്, പി സി ഘോഷ് എന്നിവരടങ്ങിയ ബെഞ്ച് ആണ് ഉത്തരവിട്ടതു . ശശികലയ്ക്ക് അടുത്ത 10 വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല.

പ്രതികളുടെ ഉടമസ്ഥതയിലുള്ള 6 കമ്പനികള്‍ മുഴുവന്‍ കണ്ടു കെട്ടാനുള്ള വിചാരണക്കോടതിയുടെ ഉത്തരവും സുപ്രീംകോടതി ശരിവച്ചു. ഹൈക്കോടതി വിധിക്കെതിരെ കര്‍ണാടക സര്‍ക്കാരും ഡി. എം. കെ. നേതാവ് കെ. അന്‍പഴകനും സമര്‍പ്പിച്ച ഹര്‍ജികളിലാണ് സുപ്രീംകോടതി വിധിപ്രഖ്യാപനം നടത്തിയത്. ഏകദേശം 570 പേജുള്ള ദൈർഘ്യമുള്ള വിധിയുടെ അവസാനഭാഗങ്ങൾ മാത്രമാണ് ജസ്റ്റിസ് പി സി ഘോഷ് കോടതിയില്‍ വായിച്ചത്.

ഇതിനിടെ ശശികലയെ ബലമായി അറസറ്റ് ചെയ്യില്ലെന്ന് ബെംഗലുരു പോലീസ്. സ്വമേധയ കീഴടങ്ങുവാനുള്ള അവസരമാണ് നൽകിയിരിക്കുന്നത് എന്ന് പോലീസ് അറിയിച്ചു. അവർ ബുധനാഴ്ച ബെംഗലുരു കോടതി മുമ്പാകെ കീഴടങ്ങിയേക്കുമെന്നാണ് അവസാനത്തെ സൂചന.

കൂവത്തൂരിലെ ഗോൾ‍ഡൻ ബേ റിസോര്‍ട്ടിൽ എം. എൽ.എ.മാരോടൊപ്പം സമയം ചിലവഴിച്ച ശശികല രാത്രിയോടെ പോയസ് ഗാര്‍ഡനിലേക്ക് തിരിച്ചു.

കേസിലെ വിശദീകരണങ്ങൾ

1996 ൽ ബി. ജെ. പി. നേതാവ് സുബ്രമണ്യൻ സ്വാമി ജയലളിതയ്ക്കും ശശികലയ്ക്കും , വളർത്തുപുത്രനായ സുധാകാരനും സഹായിയായിരുന്ന ഇളവരാശിക്കും എതിരെ അനധികൃത സ്വത്തു സമ്പാദന കേസ്സ് കൊടുത്തത്‌. തുടർന്ന് കരുണാനിധിയുടെ നേതൃത്വത്തിൽ അധികാരത്തിലിരുന്ന ഡി. എം. കെ. സർക്കാർ  മുൻ മുഖ്യമന്ത്രിയായിരുന്ന ജയലളിതയ്‌ക്കെതിരെ എഫ്. ഐ. ആർ. ഫയൽ ചെയ്യുവാൻ വിജിലെൻസിനോട് നിർദ്ദേശിച്ചു.  ജയലളിത മുഖ്യമന്ത്രിയായിരുന്ന 1991-96 കാലത്ത് അവരുടെയും കൂട്ടുപ്രതികളുടെയും ആസ്തിയില്‍ വന്‍ വളര്‍ച്ചയുണ്ടായി. മുഖ്യപ്രതി അനധികൃത സ്വത്ത് കൂട്ടു പ്രതികൾക്ക് വീതിച്ചുനല്‍കി.കൂടാതെ ധാരാളം ഭൂമിയും കെട്ടിടങ്ങളും വാങ്ങിക്കൂട്ടി. ആദായനികുതിയിൽ കൃത്രിമം കാണിച്ചു. ധാരാളം കടലാസ്സുകമ്പനികൾ തട്ടിക്കൂട്ടി ,ഒരു ദിവസം പത്തു കമ്പനികള്‍വരെ രജിസ്റ്റര്‍ചെയ്തു. എന്നാൽ ആകെയുള്ള 34 കമ്പനികളില്‍ 8 എണ്ണം മാത്രമാണ് കൃത്യമായി പ്രവര്‍ത്തിച്ചത്. . പ്രതികള്‍ 50 തും 60 തും ബാങ്ക് അക്കൌണ്ടുകളുണ്ടാക്കി, അനധികൃത സ്വത്ത് പരസ്പരം പങ്കുവെച്ചു. മുഖ്യപ്രതിയും മറ്റു പ്രതികളും തമ്മിൽ ഗൂഢാലോചന നടത്തി എന്ന് കോടതിക്ക് ബോധ്യമായിട്ടുണ്ട്. കൂട്ടുപ്രതികള്‍ മുഖ്യപ്രതിയുടെ ബിനാമിയായോ ഏജന്റായോ ഇടപാടുകള്‍ നടത്തിയിരുന്നതായും കോടതി കണ്ടെത്തിയിട്ടുണ്ട്.ആയതിനാൽ ഐപിസി 109, 120 ബി വകുപ്പുകള്‍പ്രകാരവും അഴിമതിനിരോധന നിയമത്തിലെ 13(1ഇ), 13(2) വകുപ്പുകള്‍പ്രകാരവും പ്രതികള്‍ കുറ്റക്കാരാർ ആണെന്ന് കോടതി പ്രഖ്യാപിച്ചു. വിചാരണക്കോടതി വിശകലനം ചെയ്ത രേഖകളും കണക്കുകളും ഹൈക്കോടതി സ്വീകരിച്ചിട്ടില്ലെന്നും അനധികൃത സ്വത്ത് കണക്കാക്കുന്നതിലും ആസ്തികളുടെ മൂല്യം കണക്കാക്കുന്നതിലും വായ്പകള്‍ തട്ടിക്കിഴിച്ചതിലും വരുമാനം കണക്കാക്കുന്നതിലും ഹൈക്കോടതിക്കു പിഴവുണ്ടായെന്നു സുപ്രീംകോടതി വിമർശിച്ചു. ഇക്കാരണങ്ങളാൽ ഹൈക്കോടതി ഉത്തരവ് പൂര്‍ണമായും റദ്ദാക്കുന്നു എന്ന് സുപ്രീംകോടതി അറിയിച്ചു. 2014 സെപ്തംബറിൽ 66.65 കോടിയുടെ അനധികൃതസ്വത്ത് ജയലളിതയും കൂട്ടാളികളും സമ്പാദിച്ചുവെന്നു വിചാരണക്കോടതിയുടെ വിധി വന്നിരുന്നു. എന്നാൽ കര്‍ണാടക സര്‍ക്കാരും മറ്റും സമര്‍പ്പിച്ച അപ്പീലുകളിൽ 2015 മേയ് മാസം കര്‍ണാടക ഹൈക്കോടതി പ്രതികളെ കുറ്റവിമുക്തരാക്കിയിരുന്നു.

പുതിയ രാഷ്ട്രീയസാഹചര്യത്തില്‍ എ.ഐ.എ. ഡി.എം.കെ. യുടെ ഇരുവിഭാഗവും ഗവര്‍ണറെ കണ്ടു

ശശികലയ്ക്കെതിരായ സുപ്രീംകോടതിവിധിയുടെ പശ്ചാത്തലത്തില്‍ ഉരുത്തിരിഞ്ഞ പുതിയ രാഷ്ട്രീയസാഹചര്യത്തില്‍ എ.ഐ.എ. ഡി.എം.കെ. യുടെ ഇരുവിഭാഗവും രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടു. നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ട ശശികലയുടെ വിഭാഗത്തിലെ എടപ്പാടി പളനി സ്വാമിയാണ് വൈകിട്ട് അഞ്ചരയോടെ 11 മന്ത്രിമാരെയും കൂട്ടി എം.എല്‍.എ.മാരുടെ ലിസ്റ്റുമായി ആദ്യം ഗവര്‍ണറെ സന്ദര്‍ശിച്ചത്. ലിസ്‌റ്റിൽ 123 .എല്‍.എ.മാരുടെ പേരുണ്ട്.

മന്ത്രിസഭ രൂപീകരിക്കാന്‍ തങ്ങളെ ക്ഷണിക്കണമെന്ന് ഇരുകൂട്ടരും

എം.എല്‍.എ.മാര്‍ ഒപ്പിട്ട കത്ത് ഗവര്‍ണര്‍ക്ക് കൈമാറി. മന്ത്രിസഭ രൂപീകരിക്കാന്‍ തങ്ങളെ ക്ഷണിക്കണമെന്ന് പളനിസ്വാമി അഭ്യര്‍ഥിച്ചു. പിന്നീട് പനീര്‍ശെല്‍വം വിഭാഗത്തിലുള്ള രാജ്യസഭാ എം.പി. വി മൈത്രേയന്‍, മനോജ് പാണ്ഡ്യന്‍ എന്നിവര്‍ ചേര്‍ന്ന് രാത്രി ഏഴോടെ രാജ്ഭവനിലെത്തി. മന്ത്രിസഭാ രൂപീകരണത്തിനുള്ള അവകാശവാദം ഇവരും ഗവര്‍ണര്‍ക്ക് മുന്നില്‍ ഉന്നയിച്ചിട്ടുണ്ട്.

പനീര്‍ശെല്‍വത്തെയും 18 പേരെയും പാർട്ടി അംഗത്വത്തിൽ നിന്ന്പുറത്താക്കി

സുപ്രീംകോടതി വിധി വന്ന ശേഷം പനീര്‍ശെല്‍വം ഉള്‍പ്പെടെ 19 പേരെ എ.ഐ.എ.ഡി. എം.കെ.യുടെ പ്രാഥമികാംഗത്വത്തില്‍നിന്ന് പുറത്താക്കിയതായി പാർട്ടി ജനറല്‍ സെക്രട്ടറി വി കെ ശശികല വാര്‍ത്താക്കുറിപ്പിറക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാണ് അവർക്ക് എതിരെയുള്ള ആരോപണം.
അതേസമയം ശശികല ആക്ടിങ് ജനറല്‍ സെക്രട്ടറി മാത്രമാണെന്നും പാര്‍ട്ടിയില്‍ നിന്ന് ആരെയും പുറത്താക്കാന്‍ അവർക്കു അധികാരമില്ലെന്നും പനീര്‍ശെല്‍വം പക്ഷക്കാർ അവകാശപ്പെടുന്നു.

വികാരധീനയായി ശശികല

ഒരു ശക്തിക്കും തടവറയ്ക്കും തന്നെ എ.ഐ.എ.ഡി.എം.കെ. യിൽ നിന്ന് വേര്‍പെടുത്തനാകില്ലെന്ന് ശശികല വികാരധീനയായി എം.എൽ.എ. മാരോട് സംസാരിച്ചുവെന്നും റിപ്പോർട്ടുണ്ട്. സുപ്രീം കോടതി വിധി കേട്ടയുടൻ ശശികല പൊട്ടിക്കരഞ്ഞു. വിധിയുടെ പശ്ചാത്തലത്തിൽ അമ്മയുടെ ദുരിതങ്ങള്‍ എന്നും താന്‍ ഏറ്റെടുക്കുമെന്നും ധര്‍മ്മം ജയിക്കുമെന്നും ശശികല ട്വീറ്റ് ചെയ്തു. വിധി വന്നതിനു ശേഷം ശശികല ക്യാമ്പിലെ എം.എല്‍.എ. മാർ എല്ലാവരും തന്നെ കടുത്ത ആശയക്കുഴപ്പത്തിലാണെന്നാണ് അറിയുന്നത്.

പനീര്‍സെല്‍വവും ദീപ ജയകുമാറും ഒരുമിച്ചു ജയാ സ്മാരകം സന്ദര്‍ശിച്ചു

ചൊവ്വാഴ്ച രാത്രി കാവല്‍ മുഖ്യമന്ത്രി ഒ.പനീര്‍സെല്‍വവും ജയലളിതയുടെ സഹോദരപുത്രി ദീപ ജയകുമാറും പനീര്‍സെല്‍വത്തെ അനുകൂലിക്കുന്ന നേതാക്കളും മറീന ബീച്ചിലെ ജയാ സ്മാരകം സന്ദര്‍ശിച്ചു. സമാധിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം അണ്ണാ ഡി.എം.കെ. യുടെ നല്ല ഭാവിക്കായി തങ്ങൾ ഒരുമിച്ച്‌ പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ചു.