മണിപ്പൂര്‍ മുഖ്യമന്ത്രിയായി ബിരേന്‍ സിങ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

manipur bjp government

മണിപ്പുരിൽ ബിജെപി സർക്കാർ ഇന്ന് അധികാര കസേരയിലേക്ക്

രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ ചരിത്രത്തിലാധ്യമായി മണിപ്പുരിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഇന്ന് അധികാര കസേരയിലേക്ക്. നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട എൻ. ബീരേൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള സർക്കാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുക. ഒരു വര്‍ഷം മുന്‍പ് കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ ഇദ്ദേഹം ഹെയ്ന്‍ഗാങ് മണ്ഡലത്തില്‍ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. മികച്ച ഭരണം കാഴ്ചവയ്ക്കുമെന്ന് ബീരേന്‍ സിങ് മാധ്യമങ്ങളോട് പറഞ്ഞു.മണിപ്പുരിൽ പുതിയ മന്ത്രിമാർക്കു ഗവർണർ നജ്മ ഹെപ്തുല്ല സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കും.

ഏറ്റവും വലിയ ഒറ്റകക്ഷിയായ കോൺഗ്രസിനെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കാത്ത കാര്യത്തിൽ വിശദീകരണവുമായി ഗവർണർ രംഗത്തെത്തി. ആർക്കാണ് ഭൂരിപക്ഷമെന്ന് നോക്കി സംസ്ഥാനത്തിന്റെ സ്ഥിരതയ്ക്കായി ജോലി ചെയ്യേണ്ടത് ഗവർണറുടെ ഉത്തരവാദിത്തമാണെന്ന് സുപ്രീംകോടതി തന്നെ നിർദേശിച്ചിട്ടുണ്ട്. അതുമാത്രാണ് താൻ ചെയ്യുന്നത് എന്ന് ഗവർണ്ണർ വ്യക്തമാക്കി. നിയമം അനുസരിച്ചാണ് കാര്യങ്ങൾ ചെയ്യുന്നത്. പാർലമെന്റിലെ 37 വർഷത്തെ പരിചയവും രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ എന്ന നിലയിലെ 17 വർഷത്തെ പരിചയവും തനിക്കുണ്ട്. കോൺഗ്രസ് പാർട്ടി അംഗമായിരുന്നപ്പോഴും കോൺഗ്രസ് ഇതര സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കേണ്ടിവന്നിട്ടുണ്ടെന്നും ഗവർണർ നജ്മ ഹെപ്തുല്ല ഒാർമിപ്പിച്ചു.

നാല് അംഗങ്ങളുള്ള നാഗ പീപ്പിൾസ് പാർട്ടിയുടെ നേതാക്കൾ ഗവർണറെ സന്ദർശിച്ചു ബിജെപി സർക്കാരിനുള്ള പിന്തുണ അറിയിച്ചിരുന്നു. ഇതിനു പുറമേ നാല് അംഗങ്ങളുള്ള നാഗ പീപ്പിൾസ് ഫ്രണ്ടും ഒരു അംഗമുള്ള ലോക് ജനശക്തി പാർട്ടിയും പിന്തുണ നൽകും. തൃണമൂൽ കോൺഗ്രസിന്റെ ഏക അംഗവും കോൺഗ്രസിന്റെ ഒരു എംഎൽഎയും ബിജെപിയെ പിന്തുണയ്ക്കും. ഇതോടെയാണ് 28 സീറ്റുകൾ നേടിയ കോൺഗ്രസിനെ മറികടന്ന് 21 എംഎൽഎമാരുള്ള ബിജെപി അധികാരം പിടിച്ചത്. 60 അംഗ നിയമസഭയിൽ 32 പേരുടെ പിന്തുണയാണു ബിജെപി അവകാശപ്പെടുന്നത്. ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ആവശ്യമായ പിന്തുണയുണ്ടെന്ന് വ്യക്തമായതായി ഗവര്‍ണര്‍ ആവര്‍ത്തിച്ചു.