മിനിലോറിയുമായി കടന്നത് കുഴല്‍പ്പണം തട്ടിയെടുക്കുന്നസംഘം; പ്രതികളില്‍ കള്ളനോട്ട് സംഘത്തിലെ പ്രധാനിയും

പാലക്കാട്: വാളയാര്‍-മണ്ണുത്തി കഞ്ചിക്കോട്ട് ദേശീയപാതയില്‍ ഫര്‍ണിച്ചര്‍ കയറ്റിവന്ന മിനിലോറി തടഞ്ഞശേഷം, യാത്രക്കാരെ മര്‍ദിച്ച് മിനിലോറിയുമായി കടന്ന കേസില്‍ കുഴല്‍പ്പണം തട്ടിയെടുക്കുന്ന ഏഴംഗസംഘം പിടിയില്‍. ആലപ്പുഴയില്‍ കൃഷി ഓഫീസര്‍ പ്രതിയായ കള്ളനോട്ടുകേസിലെ മുഖ്യപ്രതിയും കൂട്ടാളികളും ഉള്‍പ്പെടെയാണ് അറസ്റ്റിലായത്.
കള്ളനോട്ടുകേസിലെ പ്രതി ജിഷാമോളിന്റെ കൂട്ടാളിയാണെന്ന് പോലീസ് സംശയിക്കുന്ന ആലപ്പുഴ അവലൂക്കുന്ന് സ്വദേശിയായ അജീഷ് കുമാര്‍ (25), മറ്റു പ്രതികളായ അവലൂക്കുന്ന് സ്വദേശികളായ ശ്രീകുമാര്‍ (42), ഷനല്‍ (38), സൗത്ത് ആര്യാട് സ്വദേശി ഗോകുല്‍രാജ് (27), തൃശ്ശൂര്‍ സ്വദേശി എസ്. ശ്രീജിത്ത് (കണ്ണന്‍-36), ആലപ്പുഴ സ്വദേശി എസ്. ഷിഫാസ് (30), ചാരുംമൂട് സ്വദേശി എസ്. വിജിത്ത് (30) എന്നിവരാണ് പിടിയിലായത്.
ഇവരില്‍ പലരും കവര്‍ച്ചക്കേസുകളില്‍ പ്രതികളാണെന്നും ഷിഫാസിന്റെ നിര്‍ദേശപ്രകാരമാണ് സംഘം ആക്രമണം നടത്തിയതെന്നും പോലീസ് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങുമെന്നും കള്ളനോട്ടുകേസിന്റെ അന്വേഷണത്തിനായി ആലപ്പുഴ പോലീസിന് കൈമാറുമെന്നും വാളയാര്‍ ഇന്‍സ്‌പെക്ടര്‍ എ. അജീഷ് പറഞ്ഞു.

മാര്‍ച്ച് എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. പുലര്‍ച്ചെ നാലരയോടെ ദേശീയപാത കഞ്ചിക്കോട് റെയില്‍വേസ്റ്റേഷന്‍ ജങ്ഷനില്‍വെച്ച് തൃശ്ശൂര്‍ വരാന്തരപ്പിള്ളി സ്വദേശികളായ ഹാഷിഫ് (34), നൗഷാദ് (46) എന്നിവര്‍ക്കുനേരെയാണ് ആക്രമണമുണ്ടായത്. ഇവര്‍ ബെംഗളൂരുവില്‍നിന്ന് കുന്നംകുളത്തേക്ക് ഫര്‍ണിച്ചര്‍ ലോഡുമായി പോവുകയായിരുന്നു.