ഹേമമാലിനി നന്നായി മദ്യപിക്കുന്ന സ്ത്രീയാണ് എന്നിട്ട് അവര്‍ ആത്മഹത്യ ചെയ്തില്ലല്ലോ; എംഎല്‍എയുടെ വിവാദ പ്രസ്താവന

hemamalini bachu

കര്‍ഷക ആത്മഹത്യയ്ക്ക് പിന്നിൽ മദ്യപാനമാണെന്ന ആരോപണത്തെ തള്ളാന്‍ വേണ്ടി നടിയും ലോക്സഭാംഗവുമായ ഹേമമാലിനിയുടെ പേര് വലിച്ചിഴച്ചു കൊണ്ടു മഹാരാഷ്ട്ര എംഎല്‍എ രംഗത്തു വന്നു. ഹേമമാലിനി നന്നായി മദ്യപിക്കുന്ന സ്ത്രീയാണെന്നും എന്നിട്ട് അവര്‍ ആത്മഹത്യ ചെയ്തില്ലല്ലോ എന്നുമായിരുന്നു സ്വതന്ത്ര എംഎല്‍എ ബാച്ചു കാഡുവിന്റെ വിവാദമായ പ്രസ്താവന.

കര്‍ഷക ആത്മഹത്യ വര്‍ദ്ധിക്കുന്നത്തിന്റെ കാരണം മദ്യപാനമാണ് എന്ന നിലപാടിലാണ് ബിജെപി. വിമര്‍ശനങ്ങള്‍ ഉണ്ടായെങ്കിലും മദ്യപാനം ഒരു പ്രശ്നമാണെന്ന നിലപാട് അവര്‍ മാറ്റുകയുണ്ടായില്ല. എന്നാല്‍ ആ നിലപാടിനെ വിമര്‍ശിക്കാന്‍ ഹേമമാലിനിയെ ഉപമിച്ചതാണ് എംഎല്‍എയെ വെട്ടിലാക്കിയത്.

മക്കളുടെ വിവാഹം നടത്തിയാണ് കര്‍ഷകര്‍ക്ക് കടം കയറുന്നത് എന്ന ബിജെപി നിലപാടിനേയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. ബിജെപി നേതാവ് ഗഡ്കരി 4 കോടി രൂപയാണ് മകളുടെ വിവാഹത്തിന് പൊടിച്ചത്. അപ്പോള്‍ അദ്ദേഹം ആത്മഹത്യ കാത്ത് കഴിയുകയാണെന്ന് ധരിക്കാമല്ലോ എന്നും ബച്ചു ചോദിച്ചു. ഉത്പാദനം വര്‍ദ്ധിച്ചതും എന്നാല്‍ വരുമാന വര്‍ദ്ധനയില്ലാത്തതുമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് ബച്ചുവിന്റെ നിപാട്. കര്‍ഷകരുടെ പ്രധാന പ്രശ്നം പണമാണ്. ഉല്‍പ്പാദനം കൂട്ടുന്നത് അനുസരിച്ച് കര്‍ഷകരുടെ വരുമാനം വര്‍ദ്ധിക്കുന്നില്ല എന്ന് പ്രൊഫസര്‍ സ്വാമിനാഥന്റെ വാക്കുകളും ബാച്ചു കാഡു ഉദ്ധരിച്ചു.

കാഡു വിവാദത്തില്‍ ചാടുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വര്‍ഷം മന്ത്രാലയത്തിലെ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ തല്ലിയതിന് കാഡുവിനെ അറസ്റ്റ് ചെയ്തിരുന്നു. 2017 ലെ ആദ്യ മൂന്ന് മാസം തന്നെ മറാത്താവാഡയില്‍ 200 കര്‍ഷക ആത്മഹത്യ ഉണ്ടായതായി ഇക്കാര്യത്തില്‍ കോടതിയെ സമീപിച്ച ഒരു എന്‍ജിഒ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2014 ല്‍ 5,650 കര്‍ഷകരാണ് മഹാരാഷ്ട്രയില്‍ ആത്മഹത്യ ചെയ്തത്.