ശ്രീലങ്കയുടെ തലസ്ഥാന നഗരമായ കൊളംബോയിൽ 300 അടി ഉയരമുള്ള ചപ്പുചവറുകൂന ഇടിഞ്ഞുവീണ് പതിനാറു പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. സമീപത്തുള്ള 145ഓളം വീടുകള്‍ തകര്‍ന്നു. വന്‍ശബ്ദത്തോടെ ചവറുകൂന ഇടിഞ്ഞുവീഴുന്നതു മനസ്സിലാക്കി ഓടി മാറിയ ഒട്ടേറെപ്പേര്‍ രക്ഷപെട്ടു. അവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിയവരെ രക്ഷപെടുത്താന്‍ അഗ്നിശമനസേനയും പൊലീസും നാട്ടുകാരും തീവ്രശ്രമം തുടരുകയാണ്. സൈന്യവും സഹായത്തിനെത്തിയിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരുന്നതിനുള്ള സാധ്യതയുണ്ട്.
ശ്രീലങ്കയിലെ പരമ്പരാഗതമായ പുതുവര്‍ഷദിനാഘോഷത്തിനിടെയാണ് കൊളംബോ ദുരന്തത്തിന് സാക്ഷ്യം വഹിച്ചത്. വര്‍ഷങ്ങളായി മാലിന്യം നിക്ഷേപിച്ചിരുന്ന സ്ഥലത്ത് തീപിടിച്ചതിനെത്തുടര്‍ന്നാണ് ഉയരമുള്ള മാലിന്യക്കൂമ്പാരം സമീപത്തെ വീടുകള്‍ക്ക് മുകളിലേക്ക് ഇടിഞ്ഞുവീണത്. ചേരിപ്രദേശത്താണ് ഈ ദാരുണമായ അപകടമുണ്ടായത്. കൊളംബോയുടെ വികസനപദ്ധതിയുടെ ഭാഗമായി ഈ ചേരി സര്‍ക്കാര്‍ പൊളിച്ചുനീക്കാൻ തീരുമാനിച്ചിരുന്നതാണ്.