യോഗി ഇനി കർണാടകയിൽ വരുകയാണെങ്കിൽ ചെരുപ്പ് കൊണ്ട് അടിക്കണമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ

adhithyanath

ഉന്നാവോയിൽ പതിനേഴുകാരിയായ പെൺകുട്ടിയെ എം.എൽ.എ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ആദിത്യനാഥിനെതിരെയും ബിജെപിക്കെതിരെയും രൂക്ഷവിമർശനവുമായി കർണാടക കോൺഗ്രസ് നേതൃത്വം രംഗത്തെത്തി. ഉന്നാവോ വിഷയത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവയ്ക്കണമെന്നും അദ്ദേഹം ഇനി കർണാടകയിൽ വരുകയാണെങ്കിൽ ചെരുപ്പ് കൊണ്ട് അടിക്കണമെന്നും കോൺഗ്രസ് അദ്ധ്യക്ഷൻ ദിനേഷ് ഗുണ്ടു റാവു പറഞ്ഞു.ഇന്ത്യൻ രാഷ്ട്രീയത്തിലെ തീരാ കളങ്കമാണ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. ഉത്തർപ്രദേശിന്റെ മുഖ്യമന്ത്രിയാവാനുള്ള യോഗ്യത അദ്ദേഹത്തിനില്ല. അൽപം മാന്യതയുണ്ടെങ്കിൽ അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കണമെന്നും ദിനേഷ് പറ‍ഞ്ഞു. അതേസമയം, വിവാദ പ്രസ്താവന നടത്തിയ കോൺഗ്രസ് അദ്ധ്യക്ഷൻ പരസ്യമായി മാപ്പ് പറയണമെന്ന് കർണാടക ബി.ജെ.പി ഘടകം പ്രതികരിച്ചു. കോൺഗ്രസ് അദ്ധ്യക്ഷൻ ദിനേഷ് ഗുണ്ടു റാവുവിന്റെ ഭാര്യ ഒരു മുസ്ലിമാണ്. യോഗിയെ ചെരുപ്പ് കൊണ്ടടിക്കാൻ പറ‌ഞ്ഞ താങ്കൾക്ക് ഏതെങ്കിലും മുസ്ലീം മത പണ്ഡിതനെ കുറിച്ചോ മൗലവിയെ കുറിച്ചോ പറയാൻ ധൈര്യമുണ്ടോ എന്ന് ബി.ജെ.പി നേതാവ് പ്രതാപ് സിംഹ ചോദിച്ചു. അങ്ങനെ ഒരു പ്രസ്താവന നടത്തിയെങ്കിൽ നിങ്ങളുടെ ഭാര്യയുടെ കൈകൊണ്ടാണ് ആദ്യം ചെരുപ്പ് കൊണ്ട് അടി കിട്ടുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.