രണ്ട് ദിവസം പ്രായമായ പെണ്‍കുഞ്ഞിന്‍റെ മൃതദേഹം ക്ലിനിക്കിലെ കക്കൂസില്‍

rss

പെരിന്തല്‍‍മണ്ണയിലെ കരിങ്കല്ലത്താണിയില്‍ രണ്ട് ദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞിന്‍റെ മൃതദേഹം സ്വകാര്യ ക്ലിനിക്കിലെ കക്കൂസില്‍ കണ്ടെത്തി. കരിങ്കല്ലത്താണിയില്‍ പ്രാക്ടീസ് ചെയ്യുന്ന ഡോ. അബ്ദുള്‍ റഹ്മാന്‍റെ വീടിനോട് ചേര്‍ന്ന പരിശോധനമുറിയ്ക്കടുത്തുള്ള കക്കൂസിലാണ് നവജാത ശിശുവിന്‍റെ മ‍ൃതദേഹം കണ്ടെത്തിയത്. കക്കൂസ് വൃത്തിയാക്കാന്‍ വന്ന സ്ത്രീയാണ് ക്ലോസറ്റിലെ ബ്ലോക്ക് ശ്രദ്ധയില്‍പ്പെടുത്തിയത്. ബ്ലോക്ക് മാറ്റാന്‍ എത്തിയ പ്ലമ്പറാണ് കുഞ്ഞിന്‍റെ മൃതദേഹം ക്ലോസറ്റില്‍ കണ്ടെത്തിയത്. ഉടനെ തന്നെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കുഞ്ഞിന്‍റെ മൃതദേഹത്തില്‍ പ്ലാസന്‍റയുണ്ടായിരുന്നതായി പൊലീസ് പറയുന്നു. കുഞ്ഞിനെ കക്കൂസില്‍ വച്ച് പ്രസവിച്ച് അവിടെ ഉപേക്ഷിച്ച് പോയതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. ‘ദി ന്യൂസ് മിനിറ്റ്’ എന്ന വാര്‍ത്താ പോര്‍ട്ടലാണ് വാര്‍ത്ത പുറത്തുവിട്ടത്. കുഞ്ഞിന്‍റെ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. ആരുടെ കുഞ്ഞാണെന്ന് വ്യക്തമല്ല. കേസ് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു. ഡോ. അബ്ദുള്‍ റഹ്മാന്‍ വീട്ടില്‍ വച്ച് രോഗികളെ പരിശോധിക്കാറുണ്ടായിരുന്നു. പരിശോധനമുറിയോട് ചേര്‍ന്നുള്ള ടോയ്ലറ്റിലാണ് നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയത്.