അഭയാര്‍ത്ഥികള്‍ താമസിക്കുന്ന ഡല്‍ഹി കാളിന്ദികുഞ്ച് കോളനി അഗ്നിക്കിരയായി

fire

മ്യാന്‍മറിലെ വംശഹത്യയില്‍ നിന്ന് രക്ഷതേടി ഇന്ത്യയിലെത്തിയ രോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികള്‍ താമസിക്കുന്ന ഡല്‍ഹി കാളിന്ദികുഞ്ച് അഭയാര്‍ത്ഥി കോളനി അഗ്നിക്കിരയായി. ഇന്ത്യയിലെ ആദ്യത്തെ രോഹിന്‍ഗ്യന്‍ ക്യാംപാണിത്.ഇന്നു പുലര്‍ച്ചെ മൂന്നരയോടെയുണ്ടായ അഗ്നിബാധയില്‍ ആളപായം ഇല്ലെങ്കിലും അന്‍പതോളം കുടിലുകളുള്ള കോളനി പൂര്‍ണമായി കത്തി നശിച്ചു. ക്യാംപിന് തീവയ്ക്കുകയായിരുന്നു എന്ന് താമസക്കാരായ രോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ ആരോപിച്ചു. ഇതിന് മുന്‍പ് രണ്ടു തവണ കോളനി കത്തിക്കാനുള്ള ശ്രമമുണ്ടായിരുന്നുവെന്നും അഭയാര്‍ഥികള്‍ ചൂണ്ടിക്കാട്ടി. പുലര്‍ച്ചയോടെ തീ പടരുന്നതു കണ്ട കോളനിവാസികള്‍ പുറത്തേക്കോടിയതിനാലാണ് ആളപായം ഒഴിവായത്.ഇന്ത്യയിലെത്തിയ രോഹിന്‍ഗ്യന്‍ അഭയാര്‍ത്ഥികള്‍ താമസിക്കുന്ന ക്യാംപുകളിലെ സൗകര്യങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞദിവസം നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെ ക്യാംപ് അഗ്നിക്കിരയായത് എന്നതും ശ്രദ്ധേയമാണ്. കാളിന്ദ് കുഞ്ച് അടക്കമുള്ള ഡല്‍ഹിയിലെയും ഹരിയാനയിലെയും മൂന്നു ക്യാംപുകളിലെ സാഹചര്യങ്ങള്‍ പരിശോധിച്ച് നാലാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ചീഫ്ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശം നല്‍കിയിരുന്നത് . ഇന്ത്യയിലെത്തിയ രോഹിന്‍ഗ്യന്‍ വംശജരെ പുറത്താക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം ചോദ്യംചെയ്ത് അഭയാര്‍ത്ഥികളായ മുഹമ്മദ് സലീമുല്ല, മുഹമ്മദ് ശാക്കിര്‍ എന്നിവര്‍ സമര്‍പ്പിച്ച ഹരജി പരിഗണിച്ചായിരുന്നു സുപ്രിംകോടതിയുടെ നടപടി.കഴിഞ്ഞമാസം കേസ് പരിഗണിക്കുന്നതിനിടെ, ക്യാംപുകളിലെ സാഹചര്യങ്ങളെ കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രിംകോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇതനുസരിച്ച്, ക്യാംപുകളിലെ അഭയാര്‍ത്ഥികള്‍ യാതൊരു വിവേചനവും നേരിടുന്നില്ലെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാരിനു അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. എന്നാല്‍, രോഹിന്‍ഗ്യന്‍ വംജര്‍ വിവിധ വിവേചനങ്ങള്‍ക്കിരയാവുന്നുണ്ടെന്നു അഭയാര്‍ഥി ക്യാംപുകളിലെ സൗകര്യങ്ങള്‍ വിശദീകരിച്ച് ഹരജിക്കാര്‍ക്കു വേണ്ടി ഹാജരായ പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടി. ഇതിനു മറുപടിയായി ക്യാംപുകളിലെ സൗകര്യങ്ങള്‍ വിവരിച്ച് വീണ്ടും റിപ്പോര്‍ട്ട് സമര്‍പ്പിക്കാമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇത്തേുടര്‍ന്നാണ്, എങ്കില്‍ വിശദമായ റിപ്പോര്‍ട്ട് നാലാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചത്. കേസ് അടുത്തമാസം എട്ടിനു വീണ്ടും പരിഗണിക്കാനിരിക്കെയാണ് ക്യാംപ് അഗ്നിക്കിരയായത്.