വിത്ത് വണ്ടിയുമായി’ കൊടുമണ്‍ കൃഷിഭവന്‍

ലോക്ക്ഡൗണ്‍ കാലത്ത് കൃഷി പ്രോത്സാഹിപ്പിക്കുവാന്‍ വിത്തുവണ്ടിയുമായി അടൂര്‍ മണ്ഡലത്തിലെ കൊടുമണ്‍ ഗ്രാമപഞ്ചായത്തും കൃഷിഭവനും. ചിറ്റയം ഗോപകുമാര്‍ എം എല്‍ എ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞന്നാമ്മകുഞ്ഞ് തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ വിത്ത് വണ്ടി പുറപ്പെട്ടു. കൃഷിവകുപ്പില്‍ നിന്നും ലഭ്യമായ വിത്തുകള്‍ പഞ്ചായത്തിലെ 18 വാര്‍ഡിലുമുള്ള കര്‍ഷകരിലേക്കു വണ്ടിയില്‍ എത്തിച്ചു നല്‍കും. കര്‍ഷകര്‍ കൂട്ടമായി കൃഷിഭവനില്‍ എത്തുന്നത് ഒഴിവാക്കുക, ലോക്ക് ഡൗണ്‍ മൂലം കൃഷിഭവനില്‍ എത്താന്‍ കഴിയാത്ത കര്‍ഷകര്‍ക്ക് വിത്തുകള്‍ ലഭ്യമാക്കുക എന്നിവയാണ് വിത്തുവണ്ടിയിലൂടെ ലക്ഷ്യമിടുന്നത്. വാര്‍ഡ് മെമ്പര്‍മാര്‍ മുഖേനയാണ് കര്‍ഷകരിലേക്കു വിത്തുകള്‍ എത്തിക്കുന്നത്. ഓരോ വീടുകളിലും ആവശ്യമായ എല്ലാ പച്ചക്കറികളും ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണു സംസ്ഥാന സര്‍ക്കാര്‍ കൃക്ഷിവകുപ്പ് മുഖേന എല്ലാ വീടുകളിലും പച്ചക്കറിവിത്ത് എത്തിക്കുന്നത്.