ജപ്തി നീക്കത്തിനിടെ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്

fire

ബാങ്കിന്റെ ജപ്തി നീക്കത്തിനിടെ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. നെയ്യാറ്റിന്‍കരയിലെ കുടുംബം കാനറ ബാങ്കില്‍ നിന്നു വായ്പയെടുത്തത് 15 വര്‍ഷങ്ങള്‍ക്ക് മുന്‍പ്.

ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന്‍ വിദേശത്തു ജോലി ചെയ്തിരുന്ന സമയത്ത് വീട് വയ്ക്കുന്നതിന്റെ ആവശ്യത്തിനാണ് അഞ്ച് ലക്ഷം രൂപ വായ്പ എടുത്തത്. ഇതുവരെ എട്ടു ലക്ഷം രൂപ തിരിച്ചടച്ചു. 4 ലക്ഷം കൂടി അടയ്ക്കാനുണ്ടെന്നു ബാങ്ക് ഉദ്യോഗസ്ഥര്‍ അറിയിച്ചതെന്നാണ് ചന്ദ്രന്‍ പറയുന്നത്.

2010ലാണ് തിരിച്ചടവ് മുടങ്ങിയത്. വീട് വില്‍പ്പന നടത്തി കടം വീട്ടാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. . ഇനിയും നാലു ലക്ഷം രൂപ കൂടി അടയ്ക്കാനുണ്ടെന്നാണ് ബാങ്ക് ഉദ്യോഗസ്ഥര്‍ പറയുന്നത്. തിരിച്ചടക്കേണ്ട കാലാവധി കഴിഞ്ഞതോടെ ബാങ്ക് ജപ്തി നോട്ടീസ് അയയ്ക്കുയായിരുന്നു.

ബാങ്ക് തിരുവനന്തപുരം സിജഐം കോടതിയില്‍ കേസ് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അഭിഭാഷക കമ്മിഷനും പോലീസും കഴിഞ്ഞ ദിവസം ജപ്തി നടപടികള്‍ക്കായി വീട്ടിലെത്തിയിരുന്നു.

നാലു ദിവസത്തിനകം 6.80 ലക്ഷം രൂപ നല്‍കാമെന്നും അല്ലെങ്കില്‍ ജപ്തി നടപടികളുമായി മുന്നോട്ടുപോകാമെന്നും കുടുംബം എഴുതി നല്‍കുകയും ചെയ്തു.എന്നാല്‍ നാളെ വീട് ജപ്തി ചെയ്യുമെന്നറിയിച്ച്‌ ബാങ്കില്‍നിന്ന് രാവിലെ ഫോണ്‍ കോള്‍ വന്നിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ഇതിനെത്തുടര്‍ന്നു ലേഖയും വൈഷ്ണവിയും മാനസികമായി തളര്‍ന്നിരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ഇരുവരും തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ഡിഗ്രി വിദ്യാര്‍ഥിനിയായ വൈഷ്ണവി മരിക്കുകയും 90% പൊള്ളലേറ്റ ലേഖയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.അതേസമയം ജപ്തി ഭീഷണിയെ തുടര്‍ന്ന് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ക്കെതിരെ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.

എല്ലാ ബാങ്കുകള്‍ക്കും മോറട്ടോറിയം പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജപ്തി നടപടികളുമായി മുന്നോട്ടുപോയ കാനറാ ബാങ്കിന്റെ നടപടി സര്‍ക്കാര്‍ ഉത്തരവിന്റെ ലംഘനമാണെന്ന് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച കാനറാ ബാങ്കിന്റെ ജനറല്‍ മാനേജര്‍ അടക്കമുള്ളവരോട് മന്ത്രി ഇ ചന്ദ്രശേഖരന്‍ സംസാരിച്ചു. മോറട്ടോറിയം നിലനില്‍ക്കേ സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച ബാങ്ക് നടപടിയില്‍ മന്ത്രി അതൃപ്തി അറിയിച്ചു.


ജപ്തി നടപടിയുമായി ബന്ധപ്പെട്ട് ബാങ്ക് സര്‍ക്കാര്‍ നിര്‍ദ്ദേശത്തിനു വിരുദ്ധമായി പ്രവര്‍ത്തിച്ചോ എന്നു വിശദമായി പരിശോധിച്ച്‌ സംസ്ഥാനതല ബാങ്കേഴ്‌സ് സമിതിക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. മുഖ്യമന്ത്രി വിദേശത്തുനിന്നും മടങ്ങിയെത്തിയാലുടന്‍ എസ്‌എല്‍ബിസി വിളിച്ചുചേര്‍ത്ത് ആവശ്യമായ നിര്‍ദ്ദേശം നല്‍കുമെന്നാണ് വിവരം.

കിടപ്പാടം ജപ്തിചെയ്യരുതെന്ന് സ്ഥലം എംഎല്‍എ നിര്‍ദ്ദേശിച്ചിട്ടും നടപടികളുമായി മുന്നോട്ടുപോയ ബാങ്കിന്റെ നീക്കം പരിശോധിക്കും. ജപ്തി നടപടികളുമായി ബന്ധപ്പെട്ട് ബാങ്ക് അധികൃതര്‍ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണം നടത്താന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കി.