ബീഫ് കൈവശംവെച്ചെന്നാരോപിച്ച് ആര്‍എസ്എസ് ആസ്ഥാനമായ നാഗ്‌പൂരില്‍ ഗോസംരക്ഷകര്‍ അടിച്ചവശനാക്കിയത് ബിജെപി നേതാവിനെ. ബിജെപിയുടെ കടോല്‍ താലൂക്ക് ന്യൂനപക്ഷ വിഭാഗം സെക്രട്ടറി സലിം ഇസ്മയില്‍ ഷാ (36) ആണ് ഗോരക്ഷകരുടെ ക്രൂമര്‍ദ്ദനത്തിന് ഇരയായി ആശുപത്രിയില്‍ ചികില്‍സയിലുള്ളത്.
ബുധനാഴ്ച നാഗ്‌പുരിലെ ഭാര്‍സിങ്കി മേഖലയിലാണ് ഏഴംഗസംഗം സലീം ഷായെ മര്‍ദ്ദിച്ചത്. അബോധാവസ്ഥയിലായിരുന്ന സലീംഷായെ പൊലീസാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ 4 പേരെ അറസ്റ്റു ചെയ്തിരുന്നു. മര്‍ദന ദൃശ്യം സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സലീംഷാം ബിജെപി നേതാവാണെന്ന വിവരം പുറത്തറിയുന്നത്.
വീട്ടിലെ ഒരു ചടങ്ങിനായി മാംസം വാങ്ങി സ്കൂട്ടറില്‍വരുമ്പോഴാണ് അക്രമികള്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചത്. റോഡിലുടെ വലിച്ചിഴച്ചും കല്ല്കൊണ്ട് എറിഞ്ഞും വടികൊണ്ടടിച്ചുമായിരുന്നു മര്‍ദ്ദനം. ഇതിനിടയിലെല്ലാം തന്റെ കൈയിലുള്ളത് ആട്ടിന്‍ മാംസമാണെന്ന് സലീം ഷാ വിളിച്ചു പറയുന്നുണ്ടായിരുന്നു. എന്നാല്‍ അതൊന്നും ഗോരക്ഷകര്‍ കേട്ടില്ല. ഇയാള്‍ ബിജെപി പ്രവര്‍ത്തകനാണെന്ന കാര്യം ആക്രമണം നടത്തിയവര്‍ക്ക് അറിയില്ലായിരുന്നെന്നാണ് സൂചന.
അമരാവതിയില്‍നിന്നുള്ള സ്വതന്ത്ര എം.എല്‍.എ. ബച്ചു കാട്ടു നയിക്കുന്ന ‘പ്രഹാര്‍ സംഘടന്‍’ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നത്. അശ്വിന്‍ ഉയ്ക്കെ (35), രാമേശ്വര്‍ തായ്വഡെ (42), മോരേശ്വര്‍ തണ്ടൂര്‍ക്കര്‍ (36), ജഗദീഷ് ചൌധരി (25) എന്നിവരാണ് സംഭവത്തില്‍ അറസ്റ്റിലായത്.പൊലീസ് മാംസം ഫോറന്‍സിക് ലാബില്‍ അയച്ചുപരിശോധിച്ചപ്പോഴും ആട്ടിറച്ചിതന്നെയാണെന്ന് തെളിഞ്ഞിരുന്നു.