പതിനേഴുകാരിയെ പെട്രോളോഴിച്ച് കത്തിച്ച പ്രതിയെ പൊളളലേറ്റ നിലയില്‍ പിടികൂടി

പതിനേഴുകാരിയായ പെൺകുട്ടിയെ പെട്രോളോഴിച്ച് കത്തിച്ച കടമ്മനിട്ട തെക്കുംപറമ്പില്‍ സജിലിനെ (20) പൊളളലേറ്റ നിലയില്‍ കൃത്യം നടന്ന വീടിനു സമീപത്ത് ആളൊഴിഞ്ഞ വീട്ടില്‍ നിന്ന് പോലീസ് പിടികൂടി. പൂര്‍ണ നഗ്‌നനും അവശനുമായാണ് ഇയാളെ കണ്ടെത്തിയത്. നെഞ്ചിലും പുറത്തും പൊളളലേറ്റ പ്രതിയെ ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 60 ശതമാനം പൊളളലേറ്റ ഇയാളെ പിന്നീട് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.
പെണ്‍കുട്ടിയുമായി പ്രണയമായിരുന്നുവെന്നും ഭയപ്പെടുത്താന്‍ വേണ്ടിയാണ് പെട്രോളൊഴിച്ചതെന്നും സജില്‍ പോലീസിനോടു പറഞ്ഞു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടശേഷം കൂടുതല്‍ ചോദ്യംചെയ്യുമെന്ന് പത്തനംതിട്ട ഡിവൈഎസ്പി കെ എ വിദ്യാധരന്‍ പറഞ്ഞു. കോഴഞ്ചേരി സി.ഐ. ബി അനിലിനാണ് അന്വേഷണച്ചുമതല. വധശ്രമത്തിനാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.
പെണ്‍കുട്ടിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടായിരുന്നുവെന്ന സംശയത്തിലാണ് യുവാവ് കൃത്യം ചെയ്തതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വെളളിയാഴ്ച വൈകീട്ട് ആറരയോടെയാണ് കടമ്മനിട്ട കല്ലേലിമുക്ക് കുരീചെറ്റയില്‍ കോളനിയിലെ പെണ്‍കുട്ടിയെ സജില്‍ പെട്രോളൊഴിച്ച് കത്തിച്ചത്. ഇയാളുടെ വീട്ടില്‍ നിന്ന് ഒന്നര കിലോമീറ്ററോളം അകലെയാണ് സംഭവം നടന്ന വീട്. പെണ്‍കുട്ടിയുടെ അപ്പൂപ്പനും ചിറ്റപ്പനുമാണ് ഇിവടെ താമസിക്കുന്നത്. രണ്ടു വീടിനപ്പുറമാണ് പെണ്‍കുട്ടി മാതാപിതാക്കള്‍ക്കും സഹോദരനുമൊപ്പം താമസിക്കുന്നത്. ഇവിടെയായിരുന്ന പെണ്‍കുട്ടിയെ സജില്‍ അപ്പൂപ്പന്റെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. ഇരുവരും വഴക്കിട്ട ശേഷം സജില്‍ പുറത്തേക്കു പോയി. പിന്നീട് ഒരു കുപ്പിയില്‍ പെട്രോളുമായി വന്ന് വീട്ടിനുളളിലും പെണ്‍കുട്ടിയുടെ ദേഹത്തും കുടഞ്ഞൊഴിക്കുകയായിരുന്നു. സജിലിന്റെ ദേഹത്തും പെട്രോള്‍ വീണു. തീ കൊളുത്തിയതോടെ പെണ്‍കുട്ടി അലറി വിളിച്ച് മുറിക്കുളളിലൂടെ പിന്നിലേക്കോടി. ഈ സമയം സജിലിന്റെ ദേഹത്തും തീപിടിച്ചു. ഇയാള്‍ വീട്ടുമുറ്റത്തെ വാഴകള്‍ക്കിടയില്‍ കിടന്നുരുണ്ട് തീയണഞ്ഞ ശേഷം ഓടി രക്ഷപെടുകയായിരുന്നു. പെണ്‍കുട്ടിയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. വീട്ടുമുറ്റത്തു നിന്ന് കാല്‍ ഭാഗത്തോളം പെട്രോള്‍ അടങ്ങിയ മിനറല്‍ വാട്ടറിന്റെ കുപ്പി, ഒരു കറിക്കത്തി, കമ്പിവടി എന്നിവ കണ്ടെടുത്തു. ഇതെല്ലാം പ്രതിയുടേതാണെന്ന് പോലീസ് പറഞ്ഞു. വീടിന്റെ പിന്നില്‍ പെണ്‍കുട്ടിയുടെ തലമുടിയും വസ്ത്രഭാഗങ്ങളും കണ്ടെത്തി. ഫോറന്‍സിക്, ഫിംഗര്‍ പ്രിന്റ് വിഭാഗം സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. പെണ്‍കുട്ടിയുടെ അപ്പൂപ്പന്റെ മൊഴിയെടുത്ത പൊലീസ് സംഭവത്തിന്റെ സാക്ഷിയാക്കിയിട്ടുണ്ട്.