Saturday, April 20, 2024
HomeKeralaദേശീയ മൂല്യങ്ങളില്‍ വിഷം ചേര്‍ക്കാനോ വെള്ളം ചേര്‍ക്കാനോ പാടില്ല : മുഖ്യമന്ത്രി

ദേശീയ മൂല്യങ്ങളില്‍ വിഷം ചേര്‍ക്കാനോ വെള്ളം ചേര്‍ക്കാനോ പാടില്ല : മുഖ്യമന്ത്രി

ഇന്ത്യയുടെ ദേശീയ മൂല്യങ്ങളില്‍ വിഷം ചേര്‍ക്കാനോ വെള്ളം ചേര്‍ക്കാനോ ഉള്ള ശ്രമങ്ങളെ ഏത് ഭാഗത്തുനിന്നുണ്ടായാലും ചെറുത്തു തോല്‍പ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയ തലത്തിലായാലും ഉദ്യോഗസ്ഥ തലത്തിലായാലും അഴിമതി ശാപമാണ്. ചില രാഷ്ട്രീയപാര്‍ട്ടികള്‍ തന്നെ അഴിമതിയുടെ ചെളിക്കുണ്ടില്‍ കിടക്കുന്ന കാഴ്ച്ച ഒട്ടും ആശ്വാസ്യകരമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് സംസ്ഥാന സര്‍ക്കാരിന്റെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗോരഖ്പൂര്‍ ദുരന്തത്തില്‍ മരിച്ച കുട്ടികള്‍ക്ക് അനുശോചമറിയിച്ചാണ് മുഖ്യമന്ത്രി പ്രസംഗം ആരംഭിച്ചത്. ഒരുമയോടെ പടപൊരുതിയതു കൊണ്ടാണ് വിദേശഭരണത്തില്‍ നിന്നും രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചത്. വിവിധ മത-ജാതി വിഭാഗങ്ങളില്‍പ്പെട്ട മനുഷ്യര്‍ ആചാര, സംസ്‌കാര, ഭക്ഷണ ഭേദങ്ങള്‍ മറന്ന് ഒരേ വികാരമായി ഇന്ത്യക്കാരായി നിലകൊണ്ടു. വൈവിധ്യങ്ങള്‍ക്കിടയിലെ ഏകസ്വരമായിരുന്നു ദേശീയപ്രസ്ഥാനങ്ങളുടെ പ്രത്യേകത. ഒരുമിച്ച് നില്‍ക്കണമെന്ന ബോധമാണ് അതിനു കാരണം.

മതേതര മൂല്യങ്ങളിലും ജനാധിപത്യത്തിലും അധിഷ്ഠിതമായി രൂപപ്പെട്ട ദേശീയത സങ്കുചിത മതദേശീയതയുടെയും മതവിദ്വേഷത്തിന്റെയും പുതിയ ശീലങ്ങളിലേക്ക് വീണുപോകാന്‍ പാടില്ല. വൈവിധ്യത്തെ വൈവിധ്യമായി നിലനില്‍ക്കാന്‍ അനുവദിച്ചതാണ് ദേശീയതയുടെ വിജയം. ഈ വൈവിധ്യത്തെ ഇല്ലാതാക്കിയാല്‍ ഇന്ത്യന്‍ ദേശീയത ശിഥിലമാകും.

സാര്‍വലൗകികമായ വീക്ഷണത്തോടെയാകണം ദേശീയത ഉണര്‍ന്നു വരേണ്ടത്. ലോകമേ തറവാട് എന്ന വിശാല വീക്ഷണത്തോടെയുള്ള ദേശാഭിമാനമാണ് ഉയരേണ്ടത്. ഏതെങ്കിലും പ്രത്യേക അടയാളത്തിന്റെയോ ആചാരത്തിന്റെയോ പേരില്‍ അടിച്ചേല്‍പ്പിക്കുന്ന ശീലങ്ങളോ ചിന്തകളോ ഐക്യബോധത്തിലേക്ക് നയിക്കില്ല.

ആത്മീയതയുടെയല്ല, മാനവികതയുടെ അഭയസ്ഥാനമാണ് ദേശാഭിമാനം എന്നാണ് ടാഗോര്‍ പറഞ്ഞത്. ദേശീയ നേതാക്കളും കവികളും സാംസ്‌കാരിക നായകരുമെല്ലാം ലോകം ഒരു കൂടാണെന്ന് സങ്കല്‍പ്പിച്ചവരാണ്. എല്ലാവരും ജനാധിപത്യത്തിലും മതനിരപേക്ഷതയിലും അടിയുറച്ച ദേശീയതയാണ് ഉയര്‍ത്തിപ്പിടിച്ചത്. ആ ദേശീയതയില്‍ വെള്ളം ചേര്‍ക്കാനോ വിഷം ചേര്‍ക്കാനോ ഉള്ള ശ്രമം ഏത് ഭാഗത്തുനിന്നുണ്ടായും നാ ചെറുത്തു തോല്‍പ്പിക്കണം. ദേശീയത എന്നാല്‍ അന്യമത വിദ്വേഷമോ അപരവിദ്വേഷമോ അന്യരാജ്യ ശത്രുതയോ അല്ല.

സ്വാതന്ത്ര്യലബ്ധിക്ക് ശേഷം നാം ഒരുപാട് മുന്നോട്ടു പോയി. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമെന്ന ഖ്യാതി നമുക്ക് ലഭിച്ചു. പക്ഷേ ആഗ്രഹിച്ചതെല്ലാം നേടാനായില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. മഹാത്മാഗാന്ധിയുടെ ജീവിതോദ്ദേശമായിരുന്നു എല്ലാ കണ്ണുകളില്‍ നിന്നും കണ്ണുനീര്‍ തുടച്ചുനീക്കുക എന്നത്. ആ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ 70 വര്‍ഷത്തിനപ്പുറവും സാധിച്ചിട്ടില്ല.

നമ്മുടെ ചില വിഭാഗങ്ങളുടെ കണ്ണുനീര്‍ വര്‍ധിച്ചുവരുന്നതായാണ് ഇപ്പോള്‍ കണ്ടുവരുന്നത്. ഉപരാഷ്ട്രപതിയായിരുന്ന ഹമീദ് അന്‍സാരിക്കുപോലും അത്തരത്തില്‍ പരാമര്‍ശം നടത്തേണ്ടി വന്നു. അരക്ഷിതാവസ്ഥ ചില വിഭാഗങ്ങളില്‍ വര്‍ധിച്ചുവരുന്നതായും അദ്ദേഹം പറഞ്ഞു. നിര്‍ഭാഗ്യവശാല്‍ ഏറെ ഉത്തരവാദിത്വപ്പെട്ടവര്‍ പോലും ഹമീദ് അന്‍സാരിയുടെ പ്രസ്താവനയെ വിമര്‍ശിച്ചു എന്നതാണ്.

രാജ്യത്ത് ബഹുഭൂരിപക്ഷവും കര്‍കരാണ്. മറ്റുള്ളവരുടെ വയറുനിറയ്ക്കുന്ന കര്‍ഷകരുടെ വയറ് നിറയുന്നില്ല. മൂന്ന് ലക്ഷത്തിനപ്പുറമാണ് രാജ്യത്ത് ആത്മഹത്യ ചെയ്ത കര്‍കരുടെ എണ്ണം. ആഗോള തലത്തില്‍ പ്രശസ്തിയാര്‍ജിച്ച കേരള വികസന മാതൃകയെ മുന്നോട്ടു കൊണ്ടുപോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നാല് മിഷനുകള്‍ക്ക് ഇതിനു വേണ്ടി രൂപം നല്‍കി. ക്രമസമാധാന പാലനത്തിലും സ്ത്രീസുരക്ഷയിലും ലിംഗനീതിയിലും വിട്ടുവീഴ്ച്ചയില്ലാത്ത നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ദേശീയ പതാക ഉയര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. വിവിധ സേനാ വിഭാഗങ്ങളുടെയും, അശ്വാരൂഡ സേന, എന്‍സിസി,സ്റ്റുഡന്റസ് പൊലീസ് കേഡറ്റുകള്‍ തുടങ്ങിയവരുടെയും ആഭിവാദ്യം മുഖ്യമന്ത്രി സ്വീകരിച്ചു. രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍, മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകള്‍ എന്നിവയുടെ വിതരണവും നടന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments