സമൂഹത്തിന്റെ താഴേത്തട്ടിൽ നിന്ന് ഉയർന്ന് വന്നവരാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു എന്നിവരെന്ന് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസ് ജെ.എസ്.കേഹാർ പറഞ്ഞു. രാജ്യം എല്ലാവരേയും തുല്യരായി പരിഗണിക്കുന്നു എന്നുള്ളതിന് ജീവിച്ചിരിക്കുന്ന ഉദാഹരണങ്ങളാണ് ഇവരെന്നും സ്വാതന്ത്ര്യദിനാഘോഷത്തോട് അനുബന്ധിച്ച് സുപ്രീം കോടതിയിൽ നടന്ന ചടങ്ങിൽ പങ്കെടുത്ത് കേഹാർ പറഞ്ഞു.
മതം, വംശം, ജാതി എന്നിവ നോക്കാതെ എല്ലാവരേയും തുല്യരായി കാണുന്ന മതേതര രാജ്യമാണ് ഇന്ത്യ. അതിൽ ഓരോ പൗരന്മാരും അഭിമാനിക്കണം. ഇവിടെ കീഴാളെനെന്നോ ഉയർന്നവനെന്നോ വേർതിരിവില്ല. സമൂഹത്തിന്റെ താഴേക്കിടയിൽ നിന്ന് ഉയർന്ന് ഉന്നത പദവിയിൽ എത്താമെന്നുള്ളതിന്റെ പ്രകടമായ ഉദാഹരണമാണ് രാഷ്ട്രപതിയും പ്രധാനമന്ത്രിയും- കേഹാർ പറഞ്ഞു.
മൺകുടിലിൽ നിന്ന് രാജ്യത്തിന്റെ പ്രഥമ പൗരനായി മാറിയ ദളിത് വിഭാഗത്തിൽപെട്ട രാഷ്ട്രപതി നമുക്ക് ഉണ്ടായത് അഭിമാനകരമാണ്. നരേന്ദ്ര മോദിയാകട്ടെ ചായ വിൽപനക്കാരനിൽ നിന്ന് പ്രധാനമന്ത്രി പദത്തിലെത്തിയയാളാണ്. ഞാൻ ഇന്ത്യൻ പൗരനായല്ല ജനിച്ചത്. എന്നാൽ, ഇന്ത്യാക്കാരനായി മാറിയതു മുതൽ എല്ലാവരേയും പോലെ തുല്യ അവകാശങ്ങൾ എനിക്കും ലഭിച്ചു. ഒടുവിൽ ഞാൻ സുപ്രീം കോടതി ചീഫ് ജസ്‌റ്റിസായി- കേഹാർ ചൂണ്ടിക്കാട്ടി.
സിഖ് വംശജനായതിൽ അഭിമാനിക്കുന്നു എന്ന് പറഞ്ഞ കേഹാർ, ഓരോരുത്തരും തങ്ങളുടെ മതത്തേയും വംശത്തേയും ഓർത്ത് അഭിമാനിക്കണമെന്നും ആവശ്യപ്പെട്ടു. അതാണ് ഭരണഘടനയിൽ എഴുതി വച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മതേതരത്വം ഇന്ത്യയുടെ സാംസ്കാരിക പാരന്പര്യമാണെന്ന് ചടങ്ങിൽ സംസാരിച്ച കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. അടിയന്തരാവസ്ഥക്കാലത്ത് ഭരണഘടന ഭേദഗതി ചെയ്ത് കൊണ്ട് എഴുതിച്ചേർത്ത വാക്കല്ല മതേതരത്വം എന്നത്. മറിച്ച് ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തിൽ നേരത്തെ തന്നെ അത് അലിഞ്ഞു ചേർന്നിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.