കശ്മീരില്‍ നിയന്ത്രണ രേഖയിലുണ്ടായ വെടിവെയ്പില്‍ മൂന്ന് പാക്ക് സൈനികര്‍ കൊല്ലപ്പെട്ടു. സ്വാതന്ത്ര്യദിനാഘോഷം നടക്കുന്നതിനിടെയാണ് അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. ഉറി, രജൗരി, സെക്ടറുകളിലാണ് പ്രകോപനമില്ലാതെ പാക്കിസ്ഥാന്‍ വെടിവെയ്പു നടത്തിയത്. തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിക്കുകയായിരുന്നു.
ലാന്‍സ് നായിക് തൈമൂര്‍, സിപോയ് റംസാന്‍, നായിക് തന്‍വീര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. വെടിവെയ്പില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് പാക്കിസ്ഥാന്‍ അവകാശവാദം ഉയര്‍ത്തിയെങ്കിലും ഇന്ത്യ ഇത് നിഷേധിച്ചു. ഇന്ത്യന്‍ ഭാഗത്ത് നിരവധി പേര്‍ക്ക് പരിക്കേറ്റെന്നും പാക്കിസ്ഥാന്‍ ആരോപിച്ചിരുന്നു. ഇന്ത്യന്‍ സൈനികര്‍ പ്രകോപനമില്ലാതെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ആക്രമണം നടത്തുകയാണെന്നും പാക്ക് ആരോപണം ഉയര്‍ത്തി.
ജമ്മു കശ്മീരിലെ അപകടകരമായ അവസ്ഥയില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് അതിര്‍ത്തിയില്‍ ആക്രമണം ശക്തമാക്കുന്നതെന്ന് പാക്ക് സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ പ്രതികരിച്ചു. ജമ്മു കശ്മീരിനുള്ള പ്രത്യേക പദവി എടുത്ത് കളഞ്ഞ ഇന്ത്യന്‍ നടപടിയില്‍ പ്രതിഷേധിച്ച് പാക്കിസ്ഥാന്‍ ഇന്ന് കരിദിനം ആചരിക്കുകയാണ്.