അക്രമികള്‍ തോക്ക് ചൂണ്ടുമ്പോഴേക്കും കയ്യിലുള്ള പണവും ആഭരണങ്ങളും ബാഗുമെല്ലാം നല്‍കി ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുന്നവരെക്കുറിച്ചാണ് നാമേറെ കേട്ടിരിക്കുന്നത്.എന്നാല്‍ തോക്കുചൂണ്ടിയ മോഷ്ടാക്കളോട് ഏറ്റുമുട്ടി,ഹാന്‍ഡ് ബാഗ് സംരക്ഷിച്ച പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ജോഹനാസ്ബര്‍ഗില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം.
നൊക്‌സോളോ ന്റുസി എന്ന വിദ്യാര്‍ത്ഥിനിയുടെ ധീരത സമൂഹ മാധ്യമങ്ങളില്‍ അഭിനന്ദന പ്രവാഹത്തിന് ഇടയാക്കിയിരിക്കുകയാണ്. 26 കാരിയായ നൊക്‌സോളോ റോഡരികിലൂടെ നടന്നുവരികയായിരുന്നു. പൊടുന്നനെ ഒരു കാര്‍ യുവതിക്കരികിലായി വന്നു നില്‍ക്കുന്നു. അക്രമികള്‍ കാറില്‍ നിന്ന് പുറത്തിറങ്ങി. ഒരാള്‍ യുവതിക്ക് നേരെ തോക്ക് ചൂണ്ടി. നൊക്‌സോളോവിന്റെ കയ്യിലുള്ള ബാഗ് കവരുകയായിരുന്നു ലക്ഷ്യം.
ഭയചകിതയായി ഓടാന്‍ ശ്രമിക്കവെ ഭക്ഷണ ബാഗ് പെണ്‍കുട്ടിയുടെ കയ്യില്‍ നിന്ന് റോഡില്‍ വീണുപോകുന്നു. മോഷ്ടാക്കളില്‍ ഒരാള്‍ ഇതെടുത്ത് കാറിലേക്കിടുകയാണ്.എന്നാല്‍ ഹാന്‍ഡ് ബാഗ് തട്ടിപ്പറിക്കുകയാണ് മറ്റേയാളുടെ ലക്ഷ്യം. ഇയാള്‍ തോക്കു ചൂണ്ടിക്കൊണ്ട്, കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെങ്കിലും ബാഗില്‍ നിന്ന് പിടിവിടാന്‍ നൊക്‌സോളോ ഒരുക്കമായിരുന്നില്ല. തന്റെ ജീവനേക്കാള്‍ അവള്‍ ആ ബാഗിനെ വിലമതിച്ചിരുന്നു.
കാരണം തന്റെ ബിരുദാനന്തര ബിരുദ തീസിസുള്ള ഹാര്‍ഡ് ഡ്രൈവ് ബാഗിലുണ്ടായിരുന്നു.എന്നാല്‍ ഹാന്‍ഡ് ബാഗ് തട്ടിപ്പറിക്കുകയാണ് മറ്റേയാളുടെ ലക്ഷ്യം. ദീര്‍ഘനാളത്തെ പ്രയത്‌നഫലമായ ഗവേഷണപ്രബന്ധം മോഷ്ടാക്കള്‍ക്ക് വിട്ടുകൊടുക്കാന്‍ അവള്‍ക്കാകുമായിരുന്നില്ല. ഇതിനിടെ യുവതിയെ മോഷ്ടാക്കള്‍ വലിച്ചിഴയ്ക്കുന്നത് കാണാം. കൂടാതെ യുവതിക്കുമേല്‍ കയറിയിരുന്നും ബാഗ് പിടിച്ചെടുക്കാന്‍ പരിശ്രമിക്കുന്നുണ്ട്.
പക്ഷേ വിഫലമായി. ഒടുവില്‍ ബാഗ് കിട്ടില്ലെന്ന് മനസ്സിലായതോടെ അക്രമികള്‍ കാറില്‍ രക്ഷപ്പെടുകയായിരുന്നു.നാഷണല്‍ ഹെല്‍ത്ത് ലബോറട്ടറി സര്‍വീസില്‍, മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ് നൊക്‌സോളോ.മോളിക്യുലാര്‍ സുവോളജിയിലുള്ള തീസിസാണ് കയ്യിലുണ്ടായിരുന്നതെന്ന് യുവതി വ്യക്തമാക്കി.
തീസിസ് നഷ്ടപ്പെടുത്താനാവില്ലായിരുന്നുവെന്നും അതിനാലാണ് ജീവന്‍ പണയംവെച്ച് ചെറുത്തുനിന്നതെന്നും നൊക്‌സോളോ പറയുന്നു. ദൃശ്യങ്ങള്‍ മുന്‍നിര്‍ത്തി നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ പിടിയിലായി.