Wednesday, September 11, 2024
HomeNationalറോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ തിരിച്ചയച്ചില്ലെങ്കിൽ ദേശീയ സുരക്ഷയ്ക്കു ഭീഷണി: കേന്ദ്ര സര്‍ക്കാര്‍

റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ തിരിച്ചയച്ചില്ലെങ്കിൽ ദേശീയ സുരക്ഷയ്ക്കു ഭീഷണി: കേന്ദ്ര സര്‍ക്കാര്‍

ഇന്ത്യയില്‍ കഴിയുന്ന റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ ദേശീയ സുരക്ഷയ്ക്കു ഭീഷണിയാണെന്ന് കേന്ദ്ര സര്‍ക്കാര്‍. രാജ്യതാല്‍പര്യം മുന്‍നിര്‍ത്തി ഇവരെ തിരിച്ചയക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. തിരികെ മ്യാന്‍മറിലേക്ക് അയക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് രണ്ടു റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ നല്‍കിയ പൊതു ഹരജിയില്‍ സുപ്രിംകോടതി കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് ആരാഞ്ഞിരുന്നു. ഇതിനു തയ്യാറാക്കിയ മറുപടിയിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.അഫ്ഗാനിസ്താനിലെയും പാകിസ്താനിലെയും ഭീകര സംഘടനകളുമായി പല അഭയാര്‍ഥികള്‍ക്കും ബന്ധമുണ്ട്. ജമ്മു, ഡല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളില്‍ റോഹിന്‍ഗ്യന്‍ തീവ്രവാദികള്‍ സജീവമാണ്. വിവിധ ഭീകര സംഘടനകള്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഇവരെ ഉപയോഗപ്പെടുത്തിയേക്കുമെന്ന ഇന്റലിജന്‍സ് റിപോര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. റോഹിന്‍ഗ്യകള്‍ ഇന്ത്യയില്‍ കുടിയേറ്റക്കാരാണ്. അതിനാല്‍ തന്നെ അവര്‍ക്ക് സുപ്രിംകോടതിയെ സമീപിക്കാനാവില്ല. ഇവരെ നിയമവിരുദ്ധ കുടിയേറ്റക്കാരായി പരിഗണിക്കുന്നതിനാല്‍ അവര്‍ക്കു ഭരണഘടനാപരമായ അവകാശങ്ങളില്ലെന്നും മന്ത്രാലയം പറയുന്നു. റോഹിന്‍ഗ്യകളെ തിരിച്ചയക്കണമെന്നത് വസ്തുതകളുടെ അടിസ്ഥാനത്തിലെടുത്ത നയപരമായ തീരുമാനമാണ്. രാജ്യസുരക്ഷ മുന്‍നിര്‍ത്തി എടുത്ത തീരുമാനത്തില്‍ കോടതി ഇടപെടരുത്. അനധികൃത കുടിയേറ്റക്കാരായ ആര്‍ക്കും രാജ്യത്തു നില്‍ക്കാന്‍ അവകാശമില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു. ഹരജി അടുത്ത തിങ്കളാഴ്ച പരിഗണിക്കും. റോഹിന്‍ഗ്യന്‍ അഭയാര്‍ഥികളെ പുറത്താക്കാനുള്ള നീക്കത്തിനെതിരേ നേരത്തേ ഐക്യരാഷ്ട്ര സംഘടന രംഗത്തെത്തിയിരുന്നു. ഇവരെ തിരിച്ചയക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരേ നേരത്തേ മനുഷ്യാവകാശ കമ്മീഷന്‍ സര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നു. ഏകദേശം 40,000 റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ ഇന്ത്യയിലുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതില്‍ 16,000ഓളം പേര്‍ യുഎന്‍ അഭയാര്‍ഥി ഏജന്‍സിയുടെ തിരിച്ചറിയല്‍ കാര്‍ഡ് ലഭിച്ചവരാണ്. ഇന്ത്യ സ്വീകരിക്കുന്ന നിലപാട് രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്നും അഭയാര്‍ഥികളെ കൂട്ടത്തോടെ തിരിച്ചയക്കാന്‍ ഇന്ത്യക്ക് അധികാരമില്ലെന്നുമാണ് ഐക്യരാഷ്ട്ര സംഘടന വ്യക്തമാക്കിയിരുന്നത്. കടുത്ത മനുഷ്യാവകാശ ലംഘനങ്ങളും കൊടുംക്രൂരതകളും വംശീയ ഉന്മൂലനവും നടക്കുന്ന സ്ഥലത്തേക്കു തന്നെ അഭയാര്‍ഥികളെ തിരിച്ചയക്കാനാവില്ലെന്നും യുഎന്‍ വ്യക്തമാക്കിയിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments