Tuesday, April 16, 2024
HomeKeralaഅർധരാത്രിയിൽ ജോളിയുമായി പൊലീസിന്റെ തെളിവെടുപ്പ്; സയനൈഡ് കണ്ടെത്തിa

അർധരാത്രിയിൽ ജോളിയുമായി പൊലീസിന്റെ തെളിവെടുപ്പ്; സയനൈഡ് കണ്ടെത്തിa

കൂടത്തായി കൊലക്കേസിൽ പൊന്നാമറ്റം വീട്ടിൽ അർധരാത്രിയിൽ ജോളിയുമായി പൊലീസിന്റെ തെളിവെടുപ്പ്. അന്വേഷണത്തിൽ കുപ്പിയിലാക്കി സൂക്ഷിച്ചിരുന്ന സയനൈഡ് കണ്ടെത്തി .

അടുക്കളയിൽ പഴയ പാത്രങ്ങൾക്കിടയിൽ കുപ്പിയിലാക്കി തുണിയിൽ പൊതിഞ്ഞ നിലയിലാണ് സയനൈഡ് കണ്ടെത്തിയത്. ജോളി തന്നെയാണ് അന്വേഷണ സംഘത്തിന് എടുത്തു നൽകിയത്. ഇന്നു വിദഗ്ധ പരിശോധനയ്ക്ക് അയയ്ക്കും. പൊലീസിന്റെയും ഫൊറൻസിക് വിദഗ്ധരുടെയും സാന്നിധ്യത്തിലായിരുന്നു വീട്ടിലെ പരിശോധന.

സയനൈഡ് കഴിച്ചു മരിക്കാനായിരുന്നു തീരുമാനമെന്നു ജോളി പൊലീസിനോട് പറഞ്ഞിരുന്നു. ജോളിയുടെ ഭർത്താവ് ഷാജുവിനെയും ഷാജുവിന്റെ പിതാവ് സഖറിയാസിനെയും പൊലീസ് ഇന്നലെ 10 മണിക്കൂർ ചോദ്യം ചെയ്തു. രാവിലെ 10.15ന് ആരംഭിച്ച ചോദ്യം ചെയ്യൽ അവസാനിച്ചത് രാത്രി 8.25ന്.

ചോദ്യം ചെയ്യൽ കഴിഞ്ഞ് ഇരുവരും വടകരയിലെ റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിൽ നിന്ന് പുറത്തിറങ്ങുന്നതിന് ഒന്നര മണിക്കൂർ മുൻപ് പ്രതി ജോളി ജോസഫുമായി തെളിവെടുപ്പിനു കൂടത്തായിയിലെ പൊന്നാമറ്റം വീട്ടിലേക്കു തിരിച്ചു. പൊലീസ് നോട്ടിസ് നൽകിയതനുസരിച്ച് ഷാജുവും സഖറിയാസും രാവിലെ എട്ടോടെ വടകരയിലെ റൂറൽ ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസിലെത്തി.

വടകര പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ കഴിയുന്ന ജോളിയെ പത്തോടെ ഇവിടെയെത്തിച്ചു. 10.15ന് മൂന്നു പേരെയും ചോദ്യം ചെയ്യാൻ ആരംഭിച്ചു. ആദ്യം മൂന്നു പേരെയും തനിച്ചാണു ചോദ്യം ചെയ്തത്. പിന്നീട് ജോളിയെയും സഖറിയാസിനെയും ജോളിയെയും ഷാജുവിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു. പിന്നീട് ഷാജുവിനെയും സഖറിയാസിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു.

ഷാജുവിന്റെ ആദ്യഭാര്യ സിലി, മകൾ ആൽഫൈൻ എന്നിവരുടെ മരണവുമായി ബന്ധപ്പെട്ടു മൂന്നു പേരുടെയും മൊഴികളിൽ വൈരുധ്യങ്ങളുണ്ടെന്നു കണ്ടെത്തിയ പൊലീസ് വീണ്ടും പലവട്ടം ഇതേ രീതിയിൽ ചോദ്യം ചെയ്യൽ തുടർന്നു.

ടോം തോമസ്, അന്നമ്മ തോമസ് എന്നിവരുടെ കൊലപാതകങ്ങളെക്കുറിച്ചു സഖറിയാസിനും റോയിയുടെ കൊലപാതകത്തെക്കുറിച്ചു ഷാജുവിനും നേരത്തേ അറിവുണ്ടായിരുന്നോ എന്നതും പൊലീസ് പരിശോധിച്ചു. പ്രതികളായ എം.എസ്.മാത്യുവിനെ ഉച്ചയ്ക്ക്12.45നും കെ.പ്രജികുമാറിനെ വൈകിട്ട് മൂന്നിനും ഇവിടെയെത്തിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments