കേരളത്തിലടക്കം ആറ് സംസ്ഥാനങ്ങളില്‍ ഭീകര സംഘടനയായ ജമാത്ത് ഉള്‍ മുജാഹിദീന്‍ ബംഗ്ലാദേശ് (ജെഎംബി) ഭീകര പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നുണ്ടെന്ന് ദേശിയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) യുടെ റിപ്പോര്‍ട്ട്. കേരളത്തിനു പുറമേ കര്‍ണാടക, തമിഴ്‌നാട്, ജാര്‍ഖണ്ഡ്, ബിഹാര്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലും ബംഗ്ലാദേശില്‍ നിന്നുള്ള അഭയാര്‍ഥികളെന്ന പേരില്‍ ഭീകരര്‍ എത്തിയിട്ടുണ്ട്.
രാജ്യത്താകമാനം ഇത്തരത്തില്‍ 125 ലധികം ഭീകരര്‍ കടന്നുകയറിയതായി ദേശീയ അന്വേഷണ ഏജന്‍സി മേധാവി യോഗേഷ് ചന്ദ് മോദി അറിയിച്ചു. ഭീകര വിരുദ്ധ സേനകളുടെ മേധാവികളുടെ യോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കര്‍ണാടകയിലെ അതിര്‍ത്തി പ്രദേശമായ കൃഷ്ണഗിരിയില്‍ റോക്കറ്റ് ലോഞ്ചര്‍ പരീക്ഷിച്ചതായും എന്‍ഐഎ അന്വേഷത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സംഘടനകളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരുടെ പേര് വിവരങ്ങളുടെ പട്ടിക സംസ്ഥാനങ്ങള്‍ക്കു കൈമാറിയിട്ടുണ്ട്. കേരളത്തിലെ ചില പ്രദേശങ്ങള്‍, ബംഗളൂരു, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളില്‍ ക്യാമ്പുകളും യോഗങ്ങളും ഇവര്‍ സംഘടിപ്പിച്ചിട്ടുണ്ട്.
2014 നും 2018 നും ഇടയ്ക്ക് ജെഎംബി ഭീകരര്‍ ബംഗളൂരുവില്‍ മാത്രം ഇരുപത്തിരണ്ടിലധികം ഒളിയിടങ്ങള്‍ തയാറാക്കിയിട്ടുണ്ട്.