സ്‌കൂളില്‍ അതിക്രമിച്ച് കയറിയ മൂന്നംഗ സംഘം അധ്യാപകനെ കത്തിമുനയില്‍ നിര്‍ത്തി വിദ്യാര്‍ത്ഥിനിയുടെ തുണി വലിച്ചു കീറി വിവസ്ത്രയാക്കി. ഇതിന് ശേഷം ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. ഒഡീഷയിലെ മല്‍കന്‍ഗിരി ജില്ലയിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിലാണ് സ്‌കൂളിനുള്ളില്‍ ഈ ഗുണ്ടാവിളയാട്ടം അരങ്ങേറിയത്.കഴിഞ്ഞ നവംബര്‍ 7ന് നടന്ന സംഭവം അടുത്തിടെ വിദ്യാര്‍ത്ഥിനി പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പുറം ലോകം അറിയുന്നത്. തീയറി പഠനം കഴിഞ്ഞ് ലാബിലേക്ക് പോകവെ ബാഗ് എടുക്കാന്‍ മറന്ന പെണ്‍കുട്ടി തിരിച്ച് ക്ലാസ് മുറിയിലേക്ക് നടക്കുകയായിരുന്നു. ഈ സമയം സ്‌കൂളില്‍ അതിക്രമിച്ച് കയറിയ മൂന്നംഗ സംഘം വരാന്തയില്‍ നില്‍ക്കുന്നുണ്ടായിരുന്നു. ഇവര്‍ പെണ്‍കുട്ടിയെ ഒരു ഒഴിഞ്ഞ ക്ലാസ് മുറിയിലേക്ക് വലിച്ചിഴച്ചു കൊണ്ടു പോയി. ഇത് കണ്ട് ഒരു അധ്യാപകന്‍ ഇവരെ തടയാനെത്തി. എന്നാല്‍ അധ്യാപകനെ ഇവര്‍ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് അധ്യാപകനോട് വിദ്യാര്‍ത്ഥിനിയുടെ വസ്ത്രങ്ങള്‍ അഴിക്കാന്‍ പറഞ്ഞെങ്കിലും അദ്ദേഹം അതിന് മുതിര്‍ന്നില്ല. തുടര്‍ന്നാണ് ഗുണ്ടകള്‍ തന്നെ കുട്ടിയുടെ വസ്ത്രങ്ങള്‍ വലിച്ചു കീറിയത്. ഇതിന് ശേഷം വിദ്യാര്‍ത്ഥിനിയുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചു മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി. പൊലീസില്‍ പരാതി നല്‍കിയാല്‍ ദൃശ്യങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് ഗുണ്ടകള്‍ക്കെതിരെ പരാതി നല്‍കാന്‍ പെണ്‍കുട്ടി ആദ്യം തയ്യാറായിരുന്നില്ല. നാളുകള്‍ക്ക് ശേഷമാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്. പരാതിയെ തുടര്‍ന്ന് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നാമത്തെയാള്‍ ഒളിവിലാണ്. ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചിലിലാണ് പൊലീസ്.