റാന്നിയിൽ ഓട്ടിസം പാർക്കിന് അനുമതി ലഭിച്ചതായി രാജു ഏബ്രഹാം എംഎൽഎ അറിയിച്ചു. ഓട്ടിസം ബാധിച്ച കുട്ടികളുടെ മാനസിക, കായിക പരിചരണം ലക്ഷ്യമാക്കിയുള്ള ഓട്ടിസം പാർക്കുകൾ എല്ലാ ജില്ലകളിലും ഒന്നു വീതമാണ് അനുവദിച്ചത്. പത്തനംതിട്ട ജില്ലയ്ക്കായി അനുവദിച്ച ഓട്ടിസംപാർക്കാണ് റാന്നിയിൽ ആരംഭിക്കുക. വിദ്യാഭ്യാസ മന്ത്രി പ്രഫ.സി. രവീന്ദ്രനാഥുമായി എംഎൽഎ നടത്തിയ ചർച്ചയേ തുടർന്നാണ് പാർക്കിന് അനുമതി ലഭിച്ചത്. 50 ലക്ഷം രൂപ കെട്ടിടനിർമ്മാണത്തിനായി പ്രാഥമികമായി അനുവദിച്ചു കഴിഞ്ഞു. റാന്നി ബിആർസി, പഴവങ്ങാടി ഗവണ്മെന്റ് യുപി സ്കൂൾ, ഐത്തല ഗവണ്മെന്റ് എൽപി സ്കൂൾഎന്നിവിടങ്ങളാണ് പാർക്കിനായി പരിഗണിക്കുക. ബിആർസി യോടു ചേർന്നുളള ഓട്ടിസം സെന്ററിൽ ഇപ്പോൾ 100 കണക്കിന് കുട്ടികൾ ചികിത്സയ്ക്കും വ്യായാമത്തിനുമായി എത്തുന്നുണ്ട്. എന്നാൽ ഫണ്ട് ലഭ്യത കുറഞ്ഞതുമൂലം സെന്ററിന്റെ പ്രവർത്തനം കാര്യക്ഷമമല്ല. കഴിഞ്ഞ ബജറ്റിലാണ് ജില്ലയിൽ ഒരു ഓട്ടിസം പാർക്ക് പ്രഖ്യാപനം ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക് നടത്തിയത്. ഇതിനേ തുടർന്നാണ് റാന്നിയിൽ ഓട്ടിസം പാർക്ക് അനുവദിക്കണമെന്ന ആവശ്യം വിദ്യാഭ്യാസ മന്ത്രിക്കുമുന്പിൽ എംഎൽഎ അവതരിപ്പിച്ചത്. എംഎൽഎയുടെ അഭ്യർഥന മാനിച്ചാണ് സർക്കാർ റാന്നിക്ക് ഓട്ടിസംപാർക്ക് അനുവദിച്ച് ഉത്തരവിറക്കിയത്.
റാന്നിയിൽ ഓട്ടിസം പാർക്കിന് അനുമതി ലഭിച്ചതായി രാജു ഏബ്രഹാം എംഎൽഎ
RELATED ARTICLES