പുതിയ ഇന്ത്യയെ പടുത്തുയർത്തുമെന്ന് ഒഡീഷയുടെ മണ്ണിൽ നിന്നു കൊണ്ട് പാർട്ടി പ്രതിഞ്ജ എടുക്കണം: മോദി

modhi bjp

വികാരത്തിന്റെ പുറത്തു അനാവശ്യ പ്രസ്താവനകൾ നടത്തരുതെന്ന് ബിജെപി ദേശീയ നിർവാഹക സമിതി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി നേതാക്കളോട് അഭ്യർത്ഥിച്ചു. പാർട്ടി നേതാക്കൾ ‘നിശബ്ദതയുടെ കല’ പരിശീലിക്കണമെന്നും പറഞ്ഞു. തിരഞ്ഞെടുപ്പ് വിജയങ്ങളിൽ അമിതാഹ്ലാദം കാണിക്കാതെ കഠിനാധ്വാനം ചെയ്യണമെന്നും ആഹ്വാനം ചെയ്തു.

പുതിയ ഇന്ത്യയെ പടുത്തുയർത്തുമെന്ന് ഒഡീഷയുടെ മണ്ണിൽ നിന്നു കൊണ്ട് പാർട്ടി പ്രതിഞ്ജ എടുക്കണം. മികച്ച ഭരണവും അധികാരം സാധാരണക്കാരനിൽ എത്തിക്കുക എന്നതാണ് മുദ്രാവാക്യമെന്നു നരേന്ദ്ര മോദി പ്രസ്താവിച്ചു.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആരോപണങ്ങളിൽ പ്രതിപക്ഷത്തെ പ്രധാനമന്ത്രി പരിഹസിച്ചു. തിരഞ്ഞെടുപ്പിൽ തോറ്റതിന് മെഷിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നായിരുന്നു പരിഹാസം. ഡൽഹി തിരഞ്ഞെടുപ്പ് സമയത്ത് ക്രിസ്ത്യൻ പള്ളികൾക്ക് നേരെയുള്ള ആക്രമണങ്ങളായിരുന്നു, ബിഹാർ തിരഞ്ഞെടുപ്പ് സമയത്ത് അവാർഡ് വാപസി, ഇപ്പോഴിതാ അവർ വോട്ടിങ് മെഷിനെയാണ് കുറ്റം പറയുന്നത്–മോദി പരിഹസിച്ചു.

2022 ഓടെ പുതിയ ഇന്ത്യ സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. അഴിമതി മുക്ത, ഭീകരവാദ മുക്ത, ദാരിദ്ര മുക്ത ഇന്ത്യ സൃഷ്ടിക്കുമെന്നാണ് വാഗ്ദാനം. പുതിയ ഇന്ത്യക്കായി ജന്‍ ധന്‍, ജല്‍ ധന്‍, വന്‍ ധന്‍ എന്ന മുദ്രാവാക്യവും മോദി മുന്നോട്ടുവെച്ചു.