ഗോഡ്‌സെയെ രാജ്യസ്‌നേഹിയാക്കി; മാപ്പ് പറഞ്ഞ് തടിയൂരാന്‍ ശ്രമിക്കുകയാണ് ബിജെപി സ്ഥാനാര്‍ത്ഥി

bjp mp

ഗോഡ്‌സെയെ രാജ്യസ്‌നേഹിയെന്ന് വിശേഷിപ്പിച്ച്‌ ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രജ്ഞാ സിങ് ഠാക്കൂര്‍ വെട്ടിലായി . രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ഘാതകനെ രാജ്യ സ്‌നേഹിയെന്ന് വിളിച്ചതിന് പിന്നാലെ വിമര്‍ശനം കടുത്തതോടെ ഇപ്പോള്‍ മാപ്പ് പറഞ്ഞ് തടിയൂരാന്‍ ശ്രമിക്കുകയാണ് പ്രജ്ഞ. താന്‍ മാപ്പു പറയുന്നുവെന്നും പ്രസ്താവന പിന്‍വലിക്കുന്നുലെന്ന് പ്രജ്ഞ പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ പിടിഐ അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നേതാവിനെതിരെ കോണ്‍ഗ്രസ് അതി ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഗോഡ്‌സെയുടെ പിന്‍ഗാമികള്‍ ബിജെപി ഭരണകൂടത്തിന്റെ സഹായത്തോടെ ഇന്ത്യയുടെ ആത്മാവ് ആക്രമിക്കുന്നുവെന്ന് പറഞ്ഞാണ് കോണ്‍ഗ്രസ് രംഗത്തെത്തിയത്. മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയവരെ യഥാര്‍ത്ഥ ദേശസ്‌നേഹിയായും രാജ്യത്തിന് വേണ്ടി ജീവന്‍ ത്യജിച്ച കര്‍ക്കറയെ പോലുള്ളവരെ ദേശവിരുദ്ധരായും ബിജെപി നേതാക്കള്‍ വിശേഷിപ്പിക്കുന്നുവെന്നും രണ്‍ദീപ് സിങ് സുര്‍ജേവാല ആരോപിച്ചു.

എന്നാല്‍ പ്രജ്ഞയ്‌ക്കെതിരെ വിവാദം കടുത്തതോടെ നേതാവിന്റെ പ്രസ്താവനയെ തള്ളി ബിജെപിയും രംഗത്തെത്തി. വിവാദ പരാമര്‍ശത്തോട് യോജിക്കുന്നില്ലെന്ന് ബിജെപി വാക്താവ് ജി.വി.എല്‍ നരസിംഹ റാവു പറഞ്ഞു. പ്രസ്താവനയെ അപലപിക്കുന്നു. അവരോട് പാര്‍ട്ടി വിശദീകരണം തേടും. പൊതുസമൂഹത്തോട് അവര്‍ മാപ്പ് പറയണമെന്നും അദ്ദേഹം വ്യക്തമാക്കി. ഗോഡ്സെ കൊലയാളി കൊലയാളി തന്നെയാണെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് പറഞ്ഞു. അയാള്‍ രാജ്യസ്നേഹിയല്ല രാജ്യദ്രോഹിയാണ്.മോദിയും അമിത് ഷായും ബിജെപിയും രാജ്യത്തോട് മാപ്പ് പറയണമെന്നും ഭോപ്പാലിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കൂടിയായ ദിഗ്‌വിജയ് സിങ് ആവശ്യപ്പെട്ടു. നാഥുറാം ഗോഡ്സെ ഒരു ദേശസ്നേഹിയാണെന്ന പ്രജ്ഞ സിങ് ഠാക്കൂറിന്റെ പരാമര്‍ശത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ‘ഒരു ദേശസ്നേഹി എപ്പോഴും ദേശസ്നേഹിയായി തന്നെ തുടരും. ചില ആളുകള്‍ അദ്ദേഹത്തെ തീവ്രവാദി എന്ന് വിളിക്കുന്നുണ്ട്. അത്തരം ആളുകള്‍ക്ക് ഈ തിരഞ്ഞെടുപ്പില്‍ തക്കതായ മറുപടി നല്‍കും’ – ഇതായിരുന്നു പ്രജ്ഞയുടെ വിവാദ പ്രസ്താവന.