അടുത്ത രാഷ്ട്രപതിയായി ബിജെപി പരിഗണിക്കുന്ന മുഖ്യപേരുകളിൽ മലയാളിയായ മെട്രൊ മാൻ ഇ. ശ്രീധരന്റെ പേരുമുണ്ടെന്നു റിപ്പോർട്ട്. ദേശീയ മാധ്യമങ്ങളാണ് ഇന്നലെ ഈ വാർത്ത പുറത്തുവിട്ടത്. നാമനിർദേശ പത്രികാ സമർപ്പണം തുടങ്ങിയതോടെ സ്ഥാനാർഥിയെപ്പറ്റി ബിജെപിയും ദേശീയ ജനാധിപത്യ സഖ്യവും ആലോചനകൾ സജീവമാക്കിയിരുന്നു.
ഇ. ശ്രീധരനെയും ബിജെപി സമവായ സ്ഥാനാർഥിയായി പരിഗണിക്കുന്നുവെന്ന് ഇന്ത്യ ടുഡെയാണ് ഇന്നലെ വാർത്ത പുറത്തുവിട്ടത്. അതിനു പിന്നാലെ മറ്റു ദേശീയ മാധ്യമങ്ങളും മുതിർന്ന ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ചു വാർത്ത നൽകി.
കൊച്ചി മെട്രൊ ഉദ്ഘാടന വേദിയിൽ ശ്രീധരനു സീറ്റ് നിഷേധിച്ചത് ഇക്കാരണം കൊണ്ടാവാമെന്നും അവർ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുതിർന്ന കേന്ദ്രമന്ത്രിയായ വെങ്കയ്യ നായിഡുവിന്റെയും ഒപ്പം വേദി പങ്കിട്ടതിനു തൊട്ടുപിന്നാലെ അദ്ദേഹത്തെ രാഷ്ട്രപതിസ്ഥാനാർഥിയായി നിർദേശിക്കുന്നതിലെ അപാകതയാണ് അദ്ദേഹത്തെ വേദിയിൽ നിന്ന് ഒഴിവാക്കാൻ കാരണമെന്നാണു മാധ്യമങ്ങളുടെ കണ്ടെത്തൽ.
എൽ.കെ. അഡ്വാനി, സുഷമ സ്വരാജ്, സുമിത്ര മഹാജൻ തുടങ്ങിയവരുടെ പേരുകൾക്കൊപ്പമാണു രാഷ്ട്രപതിസ്ഥാനത്തേക്ക് ഇ. ശ്രീധരന്റെ പേരും ബിജെപി നേതൃത്വം പരിഗണിക്കുന്നത്. കേന്ദ്രസർക്കാരിന്റെ റെയിൽവേ പുനരുദ്ധാരണ ഉപദേശക സമിതിയിലെ മുഖ്യ അംഗമാണു ശ്രീധരനിപ്പോൾ.