വിവാദ മദ്യ രാജാവ് വിജയ് മല്ല്യ ഇരുപതു കടലാസു കമ്പനികളുണ്ടാക്കിയതായി അന്വേഷണ സംഘം കണ്ടെത്തി. ഐഡിബിഐ ബാങ്ക് വായ്പ തിരിച്ചടവ് മുടങ്ങിയ കേസില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം.
പേഴ്‌സണല്‍ സ്റ്റാഫും വിരമിച്ചവരും ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായാണ് കടലാസ് കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് . ഈ കമ്പനികളെ നിയന്ത്രിച്ചിരുന്നത് മല്ല്യയായിരുന്നെന്നും അയ്യായിരം പേജുളള കുറ്റപത്രത്തില്‍ എന്‍ഫോഴ്‌സമെന്റ് വ്യക്തമാക്കി.
കളളപ്പണം തടയല്‍ നിയമപ്രകാരം കര്‍ണാടകത്തിലെ കൂര്‍ഗിലെ മല്ല്യയുടെ എസ്‌റ്റേറ്റ് പിടിച്ചെടുക്കാന്‍ ഒരുങ്ങുകയാണ് അന്വേഷണ ഏജന്‍സി. ബെംഗളൂരുവിലെ മറ്റ് സ്വത്തുകളും മഹാരാഷ്ട്രയിലെ 100 കോടിയുടെ ഫാം ഹൗസും നേരത്തെ കണ്ടുകെട്ടിയിരുന്നു. മല്ല്യക്കെതിരെ മുമ്പ് സാമ്പത്തിക തട്ടിപ്പുകേസില്‍ 9600 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയിരുന്നു.
വായ്പയെടുക്കാനായി ഐഡിബിഐ ബാങ്കില്‍ നല്‍കിയ രേഖയില്‍ കാണിച്ചതിനു പുറമെ 1760.03 കോടിയുടെ സ്വത്തുക്കള്‍ മല്ല്യയ്ക്ക് ഉണ്ടായിരുന്നു.ഈ സ്വത്ത് വായ്പയെടുക്കാനായി നല്‍കിയ ഈടില്‍ കാണിച്ചിട്ടില്ല.വായ്പ തരപ്പെടുത്താനായി ഗൂഢാലോചന നടത്തി. തട്ടിപ്പിന് നേതൃത്വം നല്‍കിയത് മല്ല്യയാണ്. വായ്പ തുകയായ 900 കോടി രൂപ തിരിച്ചടയ്ക്കാന്‍ ഉദ്ദേശമുണ്ടായിരുന്നില്ലെന്നും കുറ്റപത്രത്തില്‍ പറയുന്നു.
വിജയ് മല്ല്യയുള്‍പ്പെടെ ഒമ്പതുപേര്‍ക്കെതിരെയാണ് കുറ്റപത്രം. കിങ്ങ്ഫിഷര്‍ വിമാന കമ്പനി ഉദ്യോഗസ്ഥര്‍, ഐഡിബിഐ ബാങ്ക് ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും കുറ്റപത്രത്തില്‍ ഉള്‍പ്പെടുന്നു.