നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് മുൻ ഡി.ജി.പി ടി.പി സെൻകുമാർ നൽകിയ അഭിമുഖത്തിൽ അപകീർത്തി പരാർശം നടത്തിയെന്ന് സിനിമാ മേഖലയിലെ സ്ത്രീ സംഘടനയായ വിമെൻ ഇൻ സിനിമാ കളക്റ്റീവ്. ആക്രമണത്തെ അതിജീവിച്ച നടിയുൾപ്പെടെയുള്ള വനിതാ സിനിമാ പ്രവർത്തകരെ അപകീർത്തിപ്പെടുത്തുന്ന സെൻകുമാറിന്റെ പരാമർശങ്ങൾക്കെതിരെ നിയമ നടപടിയെടുക്കാൻ വനിതാ കമ്മീഷനെ സമീപിക്കുമെന്നും ഡബ്ള്യു.സി.സി വ്യക്തമാക്കി. കേസിന്റെ ചുമതലക്കാരനായിരുന്ന പൊലീസ് മേധാവി നടത്തിയ സ്ത്രീവിരുദ്ധ പരാമർശം ഞെട്ടിക്കുന്നതായിരുന്നു. ചലച്ചിത്ര മേഖലയിൽ തൊഴിലെടുക്കുന്ന എല്ലാ സ്ത്രീകളെയും അപമാനിക്കുന്ന തരത്തിൽ പൊലീസ് മേധാവി നടത്തിയ മാന്യതയില്ലാത്ത പരാമർശത്തെ അപലപിക്കുന്നുവെന്നും ഡബ്ള്യു.സി.സി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. പൊലീസ് തങ്ങളുടെ ഇച്ഛാശക്തിയും ആത്മവീര്യവും തെളിയിച്ചു കൊണ്ട് കേസ് അന്വേഷണവുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തിൽ മുൻ ഡി.ജി.പിയുടെ ഭാഗത്ത് നിന്നുണ്ടായ ഇത്തരം പരാമർശങ്ങൾ പൊലീസ് സേനക്ക് തന്നെ അപമാനമാണ്. അതിക്രമത്തെ സധൈര്യം അതിജീവിച്ച സഹപ്രവർത്തകയെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് മാധ്യമങ്ങൾ ഒഴിഞ്ഞു നിൽക്കണമെന്നും ഡബ്ള്യു.സി.സി ആവശ്യപ്പെട്ടു.
സെൻകുമാറിനെതിരെ നിയമ നടപടിയെടുക്കാൻ വനിതാ കമ്മീഷനെ സമീപിക്കുമെന്നും ഡബ്ള്യു.സി.സി
RELATED ARTICLES