കാലവര്‍ഷം ശക്തി പ്രാപിച്ചില്ലെങ്കില്‍ വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുമെന്ന് എം എം മണി

mani

കാലവര്‍ഷം ശക്തി പ്രാപിച്ചില്ലെങ്കില്‍ 15 ദിവസത്തിനകം വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുമെന്ന് വൈദ്യുതിവകുപ്പ് മന്ത്രി എം എം മണി.പാലക്കുഴ പഞ്ചായത്തിലെ ഇല്ലിക്കുന്ന് – ഇടപ്പാട്ടുമല കുടിവെള്ള പദ്ധതികളുടെ ഉദ്ഘാടനവും പാലക്കുഴ പഞ്ചായത്ത് ഓഫീസിന്റെ ഐഎസ്‌ഒ പ്രഖ്യാപനവും നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. കൂടംകുളം വൈദ്യുത നിലയത്തില്‍ നിന്ന് 250 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണ്.ടവര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഹൈക്കോടതി സ്റ്റേ ഒഴിവായാല്‍ കൂടംകുളം വൈദ്യുതിക്ക് പുറമേ ആയിരം മെഗാവാട്ട് വൈദ്യുതി കൂടി ലഭ്യമാക്കുവാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഒരു ടവറിന്റെ നിര്‍മ്മാണം മാത്രമാണ് ഈ ലൈനില്‍ ബാക്കി നില്‍ക്കുന്നത്. ഹൈക്കോടതി സ്റ്റേ ഉത്തരവ് നീങ്ങിയാല്‍ വൈദ്യുതി ലൈന്‍ ഉടന്‍ പൂര്‍ത്തിയാക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.