എറണാകുളം-അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വൈദികര്‍ക്ക് താക്കീതുമായി സീറോ മലബാര്‍ സഭ സ്ഥിരം സിനഡ്

കാര്‍ദ്ദിനള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

ഭൂമി വില്‍പന വിവാദത്തെ തുടര്‍ന്ന് മാറ്റി നിര്‍ത്തിയിരുന്ന സീറോ മലബാര്‍ സഭ അധ്യക്ഷന്‍ മേജര്‍ ആര്‍ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണചുമതല തിരിച്ചു നല്‍കുകയും സഹായമെത്രാന്മാരെ പുറത്താക്കുകയും ചെയ്ത വത്തിക്കാന്റെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകുന്ന അതിരൂപതയിലെ ഒരു വിഭാഗം വൈദികര്‍ക്കും വിശ്വാസികള്‍ക്കും താക്കീതുമായി സീറോ മലബാര്‍ സഭ സ്ഥിരം സിനഡ്. വിഭാഗീയത വളര്‍ത്തുന്ന നടപടികളില്‍ നിന്നും എല്ലാ അതിരൂപത അംഗങ്ങളും വിട്ടു നില്‍ക്കണമെന്നും പരസ്യപ്രസ്താവനകളും ഇടപെടലുകളും ഒഴിവാക്കണമെന്നും സ്ഥിരം സിനഡിലെ മെത്രാന്മാര്‍ ആവശ്യപ്പെട്ടു. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അതിരൂപതയിലെ ദേവാലയങ്ങളില്‍ വായിക്കാന്‍ നല്‍കിയ സര്‍ക്കുലര്‍ കഴിഞ്ഞ ഞായറാഴ്ച ഭൂരി ഭാഗം പള്ളികളിലും വായിച്ചിരുന്നില്ല. ഇതിനു പിന്നാലെ ഇന്നലെ ചേര്‍ന്ന സ്ഥിരം സിനഡിനു ശേഷം ഇന്ന് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പിലാണ് പ്രതിഷേധക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. .എറണാകുളം-അങ്കമാലി അതിരൂപതയില്‍ മാര്‍പാപ്പയുടെ തീരുമാനങ്ങള്‍ നടപ്പിലാക്കിയതുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്ന സാഹചര്യങ്ങളും സംഭവികാസങ്ങളും വിശ്വാസത്തിന്റെയും അനുസരണത്തിന്റെയും ചൈതന്യത്തില്‍ എല്ലാവരും സ്വീകരിക്കണം. സഭയുടെ ഐക്യത്തിനും അച്ചടക്കത്തിനും വിഘാതമാകുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടു നില്‍ക്കണമെന്നും സ്ഥിരം സിനഡ് ആവശ്യപ്പെട്ടു.2019 ജനുവരിയില്‍ നടന്ന സിനഡിന്റെ സമാപനത്തില്‍ നല്‍കിയ സര്‍ക്കുലറില്‍ പറഞ്ഞിരിക്കുന്ന അച്ചടക്ക നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കാന്‍ ബന്ധപ്പെട്ട എല്ലാവരും ശ്രദ്ധിക്കണമെന്നും സ്ഥിരം സിനഡ് ആവശ്യപ്പെട്ടു. ആഗസ്തില്‍ നടക്കുന്ന സീറോ മലബാര്‍ സഭ മെത്രാന്മാരുടെ പൊതു സിനഡ് വരെയാണ് എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണകാര്യങ്ങളില്‍ ആര്‍ച് ബിഷപിനെ സഹായിക്കാന്‍ സ്ഥിരം സിനഡിനെ ചുമതലപ്പെടുത്തിയിരിക്കുന്നത്.ഇതിന്റെ ഭാഗമായി മാര്‍പാപ്പയുടെ തീരുമാനങ്ങള്‍ നടപ്പിലാക്കിയതിനു ശേഷമുളള അതിരൂപതയിലെ സ്ഥിതിഗതികള്‍ ഇന്നലെ ചേര്‍ന്ന സ്ഥിരം സിനഡ് യോഗം വിലയിരുത്തി. ഈ മാസം അഞ്ചിന് ചേര്‍ന്ന് യോഗത്തിലും അതിരൂപതയിലെ സ്ഥിതിഗതികളും സാമ്പത്തിക കാര്യങ്ങളും വിലയിരുത്തുകയും മാസ കണക്കുകള്‍ പരിശോധിക്കുകയും ചെയ്തിരുന്നു. ഇന്നലെ ചേര്‍ന്ന് യോഗത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെക്കൂടാതെ തൃശൂര്‍ ആര്‍ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്,കോട്ടയം ആര്‍ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്,തലശേരി ആര്‍ച് ബിഷപ് മാര്‍ ജോര്‍ജ് ഞറളക്കാട്ട്,പാലക്കാട്് ബിഷപും എറണാകുളം അങ്കമാലി അതിരൂപത മുന്‍ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററുമായ മാര്‍ ജേക്കബ് മനത്തോടത്ത് എന്നിവര്‍ പങ്കെടുത്തു.അതിരൂപതയിലെ സഹായ മെത്രാന്മാരെ പുറത്താക്കിയത് താനല്ലെന്നും മാര്‍ പാപ്പ നേരിട്ടാണ് നടപടിയെടുത്തിരിക്കുന്നതെന്നും അതിരൂപതയിലെ ഭൂമി വില്‍പനയില്‍ സഭയ്ക്ക് നഷ്ടം വരുന്ന ഒരു നടപടിയും തന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല എന്നിങ്ങനെയുള്ള കാര്യങ്ങളായിരുന്നു കര്‍ദിനാള്‍ ദേവാലയങ്ങളില്‍ വായിക്കാനായി നല്‍കിയ തന്റെ സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാല്‍ ഇതിനെ പാടെ തള്ളുന്ന സമീപമായിരുന്നു കര്‍ദിനാള്‍ വിരുദ്ധ പക്ഷം സ്വീകരിച്ചത്.