നടൻ മോഹന്‍ലാലിന് നരേന്ദ്ര മോദിയുടെ കത്ത്

കേന്ദ്ര സര്‍ക്കാരിന്റെ സ്വഛ് ഭാരത് അഭിയാന്‍ സംരംഭത്തില്‍ പങ്കാളിയാവണമെന്ന് അഭ്യര്‍ഥിച്ച് നടന്‍ മോഹന്‍ലാലിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്ത്. ഗാന്ധി ജയന്തി ദിനം വരെ ‘സ്വഛത ഹി സേവ’ എന്ന മുദ്രാവാക്യമുയര്‍ത്തി നടത്തുന്ന ശുചീകരണ യജ്ഞത്തില്‍ വ്യക്തിപരമായി പങ്കെടുക്കണം എന്ന് അഭ്യര്‍ഥിച്ചാണ് പ്രധാനമന്ത്രി കത്തെഴുതിയത്. മഹാത്മാഗാന്ധിയുടെ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്ന ശുചീകരണം എന്ന വിഷയത്തിലാണ് താന്‍ ഈ കത്തെഴുതുന്നത്. വലിയ മാറ്റങ്ങള്‍ക്ക് നാന്ദിയാവാനുള്ള ശേഷി സിനിമയ്ക്കുണ്ട്. ഒരുപാട് ആരാധകരുള്ള വ്യക്തി എന്ന നിലയില്‍ ജനങ്ങളുടെ ജീവിതത്തെ സ്വാധീനിക്കാനുള്ള കഴിവ് താങ്കള്‍ക്കുണ്ടെന്നും സ്വഛതാ മിഷനില്‍ ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുക്കാന്‍ താങ്കളുടെ പങ്കാളിത്തം സഹായിക്കുമെന്നും കത്തില്‍ പറയുന്നു. കുറച്ചു സമയം ശുചീകരണ പ്രവൃത്തികള്‍ക്കായി മാറ്റിവയ്ക്കണം. ഇത് ജനങ്ങള്‍ക്ക് കൂടുതല്‍ പ്രചോദനമാകും. ഇതിന്റെ അനുഭവങ്ങള്‍ താങ്കള്‍ക്ക് നരേന്ദ്ര മോദി ആപ്പ് വഴി താനുമായി പങ്കുവയ്ക്കുകയും ചെയ്യാം. ശുചീകരണത്തിനായി കൈകോര്‍ത്ത് നമുക്ക് ഗാന്ധിജിക്ക് ആദരമര്‍പ്പിക്കുകയും ഒരു പുതിയ ഇന്ത്യ കെട്ടിപ്പടുക്കാനായി പ്രയത്‌നിക്കുകയും ചെയ്യാമെന്നും പ്രധാനമന്ത്രി കത്തില്‍ പറയുന്നു.
പാവപ്പെട്ടവരോടും അവഗണിക്കപ്പെട്ടവരോടും ചെയ്യാവുന്ന ഏറ്റവും മഹത്തരമായ സേവനമാണ് ക്ലീന്‍ ഇന്ത്യ എന്നത്. മറ്റേത് വിഭാഗക്കാരേക്കാള്‍ മാലിന്യം നിറഞ്ഞ അന്തരീഷം ദോഷകരമായി ബാധിക്കുന്നത് പാവപ്പെട്ടവരെയാണെന്നും കത്തില്‍ പറയുന്നുണ്ട്.