കുട്ടനാട്ടില്‍ വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

unburried dead

കുട്ടനാട്ടില്‍ വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം 23 ദിവസത്തിനു ശേഷം കണ്ടെത്തി. വെളിയനാട് മുല്ലശ്ശേരി വീട്ടില്‍ എം.ജെ. മാത്യു- ജെസി ദമ്ബതികളുടെ മകന്‍ ടിബിന്‍ മാത്യു (26) വിന്റെ മൃതദേഹമാണ് പൊങ്ങിയ നിലയില്‍ കണ്ടെത്തിയത്. ആര്‍ ബ്ലോക്ക് കായലിനു സമീപത്തു കക്കാ വാരല്‍ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. രാമങ്കരി പോലീസ് അറിയിച്ചതനുസരിച്ച്‌ ബന്ധുക്കളെത്തി വസ്ത്രത്തിന്റെ അടയാളം കണ്ടാണ് മൃതദേഹം തിരിച്ചറിഞ്ഞത്. കഴിഞ്ഞ 23ന് ചങ്ങനാശേരിയിലെ ദുരിതാശ്വാസ ക്യാമ്ബില്‍ നിന്നു സുഹൃത്തുക്കള്‍ക്കുള്ള ഭക്ഷണവുമായി എത്തിയപ്പോഴായിരുന്നു മാത്യുവിനെ അപകടത്തില്‍പെട്ട് കാണാതായത്. മൂന്നു പേര്‍ സഞ്ചരിച്ചിരുന്ന ഫൈബര്‍ വള്ളം വെളിയനാട് കേസറിയ പള്ളിക്കു സമീപം ആറ്റിലെ ശക്തമായ ഓളത്തില്‍ മറിയുകയായിരുന്നു. ടിബിന്റെ സഹോദരന്‍ ടിറ്റോ നീന്തി രക്ഷപ്പെട്ടിരുന്നു. കാണാതായ ബന്ധുവായ മുല്ലശ്ശേരി വീട്ടില്‍ ബിബിന്‍ ബാബുവിന്റെ (18) മൃതദേഹം രണ്ടു ദിവസത്തിനുശേഷം കണ്ടെത്തിയിരുന്നു.