പാലാരിവട്ടം മേൽപ്പാലം പുതുക്കിപ്പണിയുമെന്ന് മുഖ്യമന്ത്രി

palarivattom

പാലാരിവട്ടം മേൽപ്പാലം പുതുക്കിപ്പണിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രവർത്തനങ്ങളുടെ പ്രധാന മേൽനോട്ടം ഇ. ശ്രീധരൻ നിർവഹിക്കും. രൂപരേഖ, എസ്റ്റിമേറ്റ് എന്നിവ ഇ. ശ്രീധരന്‍റെ നേതൃത്വത്തിൽ തയാറാക്കും. സമയബന്ധിതമായി പാലം പുതുക്കിപ്പണിയുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മുമ്പും ഇക്കാര്യത്തിൽ ഇ. ശ്രീധരനുമായി ചർച്ച നടത്തിയിരുന്നു. പാലം പുന:രുദ്ധരീകരിക്കുകയാണെങ്കിൽ എത്രകാലം നിലനിൽക്കും എന്ന് ചെന്നൈ ഐ.ഐ.ടിയുടെ റിപ്പോർട്ടിൽ പറയുന്നില്ല. സ്ഥായിയായ ഒരു പരിഹാരമാണ് വേണ്ടത്. ഇതിനാലാണ് ഇ. ശ്രീധരന്‍റെ കൂടി നിർദേശം കണക്കിലെടുത്ത് പാലം പുതുക്കിപ്പണിയുന്നത്. ഒക്ടോബർ ആദ്യവാരം നിർമാണം തുടങ്ങി ഒരു വർഷം കൊണ്ട് പാലം പൂർത്തിയാക്കും. പൊതുമരാമത്ത് മന്ത്രി ജി. സുധാകരനും ഇ. ശ്രീധരനുമായുള്ള ചർച്ചയിൽ പങ്കെടുത്തുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗതാഗതത്തിന് തുറന്ന് കൊടുത്ത് മൂന്ന് വര്‍ഷം തികയും മുമ്പെ പാലാരിവട്ടം പാലം അപകടാവസ്ഥയിലായിരുന്നു. 52 കോടി രൂപ ചെലവിട്ടാണ് പാലം നിർമിച്ചത്. പാലം നിർമിച്ച ആർഡിഎസ് പ്രോജക്ട്സ് മാനേജിങ് ഡയറക്ടർ സുമിത് ഗോയലിനെ ഒന്നാം പ്രതിയാക്കി വിജിലൻസ് കേസെടുത്തിരുന്നു.